ടിനു പാപ്പച്ചന്റെ 'അജഗജാന്തരം' ഫെബ്രുവരി 26-ന് തിയേറ്ററുകളിലേക്ക്; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ ചെമ്പന്‍ വിനോദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന “അജഗജാന്തരം” ചിത്രത്തിന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ചിത്രം ഫെബ്രുവരി 26ന് തിയേറ്ററുകളില്‍ റിലീസിനെത്തും. നടന്‍ ടൊവിനോ തോമസ് ആണ് പോസ്റ്റര്‍ ഔദ്യോഗിക ഫെയ്‌സ്ബുക്കില്‍ പേജിലൂടെ റിലീസ് ചെയ്തത്.

സാബുമോന്‍, സുധി കോപ്പ, കിച്ചു ടെല്ലസ്, ടിറ്റോ വിത്സല്‍, സിനോജ് വര്‍ഗ്ഗീസ്സ്, രാജേഷ് ശര്‍മ്മ, ലുക്ക്മാന്‍, ജാഫര്‍ ഇടുക്കി, വിനീത് വിശ്വം, ബിറ്റോ ഡേവീസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ജിന്റോ ജോര്‍ജ്ജും ജസ്റ്റിന്‍ വര്‍ഗീസ് സംഗീതവും ഒരുക്കുന്നു. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ചിത്രത്തിന് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അജഗജാന്തരം.

ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും എത്തുന്നതും തുടര്‍ന്ന് നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ് ചിത്രം പറയുക. പൂരവും വെടിക്കെട്ടും നാടന്‍ തല്ലും ഒക്കെയായി പ്രേക്ഷകര്‍ക്ക് ഒരടിപൊളി പൂരകാഴ്ച്ച തന്നെയായിരിക്കും ചിത്രം സമ്മാനിക്കുന്നതെന്ന് പ്രതീക്ഷിക്കാം.