14 വര്‍ഷത്തിനു ശേഷം പ്രിയ താരജോഡികള്‍ വീണ്ടും; 'ദളപതി 67', കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നടന്‍ വിയ്‌ക്കൊപ്പമുള്ള ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തിനായി ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ദളപതി 67 എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഡിസംബര്‍ ആദ്യ ആഴ്ചയോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തൃഷ ആണ് ചിത്രത്തില്‍ വിജയിയുടെ നായികയായെത്തുക സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മാസ്റ്ററിന് ശേഷം ലോകേഷും വിജയിയും ഒന്നിക്കുന്ന ചിത്രമാണ് ദളപതി 67. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വംശി പൈഡിപ്പള്ളിയുടെ വരിസു എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണിപ്പോള്‍ വിജയ്.

മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് തൃഷ. വര്‍ഷങ്ങള്‍ക്ക് ശേഷം വിജയിയും തൃഷയും ഒന്നിച്ചെത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. 2008 ല്‍ പുറത്തിറങ്ങിയ കുരുവി എന്ന ചിത്രത്തിലാണ് വിജയ്-തൃഷ ജോഡികളെ ഒടുവില്‍ പ്രേക്ഷകര്‍ കണ്ടത്.

റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ വിജയ്യും തൃഷയും ഒന്നിച്ചെത്തുന്ന അഞ്ചാമത്തെ ചിത്രമാകും ദളപതി 67. ഇതിന് മുന്‍പ് ഗില്ലി, തിരുപാച്ചി, ആത്തി, കുരുവി എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചെത്തിയത്.