’36 വര്‍ഷമായുള്ള സുഹൃത്ത്, 55 സിനിമകളിലെ എന്റെ നായകന്‍’

മോഹന്‍ലാല്‍-ശോഭന കൂട്ടുകെട്ടില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. ഇരുവരും മത്സരിച്ചഭിനയിച്ച സിനിമകള്‍ മിക്കതും ഇന്നും പ്രേക്ഷകര്‍ കാണാന്‍ ഏറെ ഇഷ്ടപ്പെടുന്നവയാണ്. കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ താരം ചിരഞ്ജീവിയുടെ വീട്ടില്‍ വെച്ച് നടന്ന 80-കളിലെ താരങ്ങളുടെ സംഗമവേളയില്‍ ഇരുവരും ഒന്നിച്ചെടുത്ത ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

’36 വര്‍ഷമായുള്ള സുഹൃത്ത്, 55 സിനിമകളിലെ എന്റെ നായകന്‍.. ശ്രീ മോഹന്‍ലാല്‍.’ എന്നാണ് ചിത്രം പങ്കുവെച്ച് ശോഭന സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഈ കുറിപ്പ് തന്നെയാണ് ചിത്രത്തേക്കാള്‍ ആരാധകരെ ആകര്‍ഷിച്ചതും. മലയാളത്തിന്റെ ഹിറ്റ് ജോഡികളെ വീണ്ടും ഒരു ഫ്രെയിമില്‍ കണ്ട പ്രേക്ഷകരും ഹാപ്പി. സൗഹൃദസംഗമത്തിന്റെ പത്താം വാര്‍ഷികമായിരുന്നു ഇത്തവണത്തേത്. 2009 – ല്‍ സുഹാസിനി മണിരത്നവും ലിസിയും ചേര്‍ന്നാണ് ഇത്തരമൊരു റീ യൂണിയന്‍ ആരംഭിച്ചത്.

ജയറാം, പാര്‍വതി, റഹമാന്‍, നാദിയ മൊയ്തു, സരിത, അമല, മേനക, ജഗപതി ബാബു, ചിരഞ്ജീവി, ഭാഗ്യരാജ്, ശരത്കുമാര്‍, ജാക്കി ഷ്‌റോഫ്, നാഗാര്‍ജ്ജുന, പ്രഭു, ശരത് കുമാര്‍, രാധിക, രേവതി, സുഹാസിനി, ലിസ്സി, അംബിക എന്നിവരുള്‍പ്പടെ വലിയ താരനിര തന്നെ സൗഹൃദസംഗമത്തിന് എത്തിയിരുന്നു.