നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു. ശ്വാസകോശ രോഗങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹത്തെ കോവിഡ് ബാധിച്ചതോടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. മീനയ്ക്കും ഭര്‍ത്താവിനും ഒരേ സമയത്താണ് കോവിഡ് സ്ഥിരീകരിച്ചത്.

നടന്‍ ശരത് കുമാറാണ് വിദ്യാസാഗറിന്റെ മരണ വാര്‍ത്ത് ട്വീറ്റ് ചെയ്തത്. ‘നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ അകാല വിയോഗ വാര്‍ത്ത ഞെട്ടിക്കുന്നതാണ്. എന്റേയും കുടുംബത്തിന്റേയും അനുശോചനം അറിയിക്കുന്നു’, ശരത് കുമാര്‍ ട്വീറ്റ് ചെയ്തു.

രോഗം മൂര്‍ഛിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അണുബാധ രൂക്ഷമായതിനെ തുടര്‍ന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു.

വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ വൈകിട്ടോടെനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. 2009ലാണ് ഇരുവരുടേയും വിവാഹം. മകള്‍ നൈനിക വിജയ് ചിത്രം തെരിയില്‍ ശ്രദ്ധേയ വേഷം അവതരിപ്പിച്ചിരുന്നു.