എനിക്ക് ട്വിറ്ററില്‍ അക്കൗണ്ട് ഇല്ല, ആവശ്യം വന്നാല്‍ സൂര്യയുടേതാണ് ഉപയോഗിക്കുക : ജ്യോതിക

തെന്നിന്ത്യന്‍ ചലച്ചിത്ര പ്രേമികളുടെ ഇഷ്ടജോഡിയാണ് സൂര്യയും ജ്യോതികയും. ഇരുവരുടെയും വാര്‍ത്തകളും വിശേഷങ്ങളും സൂര്യ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കു വെയ്ക്കാറുണ്ട്. എന്നാല്‍ ജ്യോതികയുടേതായി ഒരു പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ കാണാറില്ല. ഇതിനുള്ള കാരണം ജ്യോതിക തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. പുതിയ ചിത്രം രാക്ഷസിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍.

“ട്വിറ്ററില്‍ എനിക്ക് അക്കൗണ്ട് ഇല്ല. സിനിമയുടെ വിശേഷങ്ങള്‍ അറിയാന്‍ ഞാന്‍ സൂര്യയുടെ അക്കൗണ്ട് ആണ് ഉപയോഗിക്കുക. രാക്ഷസിയുടെ ട്രെയിലര്‍ കണ്ടതിനു ശേഷം പലരും എന്നെ ലേഡി സമുദ്രക്കനി എന്നു വിളിച്ചതായി സൂര്യയുടെ ട്വിറ്റര്‍ പേജില്‍ കണ്ടു. പലരും അടുത്ത സാട്ടൈ എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. അതെ, ഈ ചിത്രവും സാട്ടൈ, പള്ളിക്കൂടം എന്നീ സിനിമകളുടെ ഗണത്തില്‍ തന്നെയാണ് പെടുന്നത്. എന്നാല്‍ ആ ചിത്രങ്ങളേക്കാള്‍ ഗൗരവമേറിയ വിഷയമാണ് രാക്ഷസി കൈകാര്യം ചെയ്യുന്നത്.” ജ്യോതിക പറഞ്ഞു.

രാക്ഷസിയില്‍ അധ്യാപികയുടെ വേഷത്തിലാണ് ജ്യോതിക എത്തുന്നത്. ഗൗതം രാജ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് “രാക്ഷസി”. തന്റേടി എന്നു തോന്നിപ്പിക്കുന്ന, നീതിയ്ക്ക് വേണ്ടി പോരാടുന്ന, വളരെ ശക്തയായ ഗീതാ റാണി എന്ന ടീച്ചര്‍ കഥാപാത്രത്തെയാണ് ജ്യോതിക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രാക്ഷസിയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സൂര്യയുടെ ഉടമസ്ഥതയിലുള്ള ഡ്രീം വാരിയര്‍ പിക്‌ചേര്‍സിന്റെ ബാനറില്‍ എസ്.ആര്‍ പ്രകാശ് ബാബു, എസ്.ആര്‍ പ്രഭു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗോകുല്‍ ബിനോയാണ്.