ആരാധകര്‍ക്കൊപ്പം ‘മാസ്റ്റര്‍’ കണ്ട് താരങ്ങളും

Advertisement

ഒമ്പത് മാസത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളില്‍ ആവേശം തീര്‍ത്ത് വിജയ് ചിത്രം ‘മാസ്റ്റര്‍’. റിലീസ് ദിവസം ആരാധകര്‍ക്കൊപ്പം മാസ്റ്റര്‍ കാണാനായി താരങ്ങളും എത്തി. മാസ്റ്ററിലെ നായികയായ മാളവിക മോഹനന്‍, സംവിധായകന്‍ ലോകേഷ് കനകരാജ്, നടന്‍മാരായ ശന്തനു, അര്‍ജുന്‍, സംഗീത സംവിധായകന്‍ അനിരുദ്ധ രവിചന്ദര്‍ എന്നിവരാണ് സിനിമ കാണാനെത്തിയ താരങ്ങള്‍.

ആദ്യ ഷോ അവസാനിപ്പിച്ചപ്പോള്‍ തന്നെ മികച്ച പ്രതികരണങ്ങളാണ് മാസ്റ്ററിന് ലഭിക്കുന്നത്. ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ തിയേറ്ററുകള്‍ക്ക് വെളിയില്‍ ഇറങ്ങുന്നത്. മാസ്റ്റര്‍ മാസ് ആണെന്നാണ് ആരാധകര്‍ പറയുന്നത്. വിജയ്യുടെയും വിജയ് സേതുപതിയുടെയും മത്സരിച്ചുള്ള അഭിനയമാണ് എന്നാണ് ആരാധകര്‍ പറയുന്നത്.

വിജയ്‌യുടെ വ്യത്യസ്തമായ പ്രകടനമാണ് ചിത്രത്തിലേത് എന്നാണ് ആരാധകര്‍ പറയുന്നത്. സ്ഥിരം തമിഴ് വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ തകര്‍പ്പന്‍ പ്രകടനമാണ് വിജയ് സേതുപതിയും കാഴ്ചവെച്ചിരിക്കുന്നത്. പുലര്‍ച്ചെ നാല് മണിയോടെയാണ് തമിഴ്‌നാട്ടില്‍ ആദ്യ ഷോ ആരംഭിച്ചത്.

നടന്‍ ദിലീപും മാസ്റ്റര്‍ കാണാന്‍ എത്തിയിരുന്നു. ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം സംഘടനയുടെ അംഗങ്ങള്‍ക്കൊപ്പമാണ് ദിലീപ് സ്‌ക്രീനിങ്ങിനെത്തിയത്. ഈ സങ്കടകാലത്ത് തിയേറ്റര്‍ വ്യവസായത്തെ രക്ഷപ്പെടുത്താനെത്തിയ സിനിമയാണ് മാസ്റ്റര്‍ എന്ന് സിനിമാ സംഘടന ഫിയോക്കിന്റെ ചെയര്‍മാന്‍ കൂടിയായ ദിലീപ് പറഞ്ഞിരുന്നു.