വിവേകിന്റെ ഹൃദായാഘാതത്തിന് കോവിഡ് വാക്‌സിനുമായി ബന്ധമുണ്ടോ? വിശദീകരിച്ച് ചികിത്സിച്ച ഡോക്ടര്‍മാര്‍

നടന്‍ വിവേകിന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെയും ആരാധകരെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ചെന്നൈയിലെ സിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അതേസമയം, കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ടാണ് താരത്തിന് ഹൃദയാഘാതം ഉണ്ടായത് എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ വിവേകിന് ഹൃദയാഘാതം വന്നതിന് കോവിഡ് വാക്‌സിനുമായി യാതൊരു ബന്ധവുമില്ലെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വെന്‍ട്രിക്യുലാര്‍ ഫൈബ്രിലേഷന്‍ എന്ന ഇനത്തില്‍ പെട്ട ഹൃദയാഘാതമാണ് വിവേകിന് ഉണ്ടായത്. തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയാണ് ഇതിലൂടെ സംഭവിക്കുകയെന്ന് ആശുപത്രി വൈസ് പ്രസിഡന്റ് ഡോ. രാജു ശിവസ്വാമി വിശദീകരിച്ചു.

വിവേകിന്റെ ഇടത്തേ ധമനിയില്‍ നൂറു ശതമാനം ബ്ലഡ് കോട്ട് ഉണ്ടായിരുന്നതായും ഡോക്ടര്‍ പറഞ്ഞു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് വിവേകിനെ ആശുപത്രിയില്‍ എത്തിച്ചത്. അബോധാവസ്ഥയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം വിവേക് കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു.

പ്രതിരോധ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കിടയിലുള്ള ഭയം നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി വിവേക് വ്യാഴാഴ്ച വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ജനങ്ങള്‍ക്കിടയില്‍ അവബോധം പ്രചരിപ്പിക്കുന്നതിനായി സ്വകാര്യ ആശുപത്രിക്ക് പകരം സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി വാക്‌സിനേഷന്‍ എടുക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

മൂന്ന് തവണ തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടിയ നടനാണ് വിവേക്. ഹിന്ദി ചിത്രമായ വിക്കി ഡോണറിന്റെ തമിഴ് റീമേക്കായ ധാരാള പ്രഭുവിലാണ് വിവേക് അവസാനമായി അഭിനയിച്ചത്. കമല്‍ഹാസന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സംവിധായകന്‍ ശങ്കറിന്റെ വരാനിരിക്കുന്ന ഇന്ത്യന്‍ 2 എന്ന ചിത്രത്തിലും താരമുണ്ട്.