നടൻ  വിനോദ് കോവൂരിന്റെ ലൈസന്‍സ് പുതുക്കാന്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ പാസ്‌വേര്‍ഡ് ചോര്‍ത്തി ;  പ്രതികരണവുമായി നടൻ

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ പാസ്‌വേര്‍ഡ് ചോര്‍ത്തി നടന്‍ വിനോദ് കോവൂരിന്റെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ ശ്രമം. സംഭവത്തില്‍ സൈബര്‍ സെല്‍ കോവൂരിലെ നസീറ ഡ്രൈവിംഗ് സ്‌കൂളില്‍ നിന്നും ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തു.

2019ല്‍ കാലാവധി അവസാനിച്ച ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനായി കോവൂരിലെ നസീറ ഡ്രൈവിംഗ് സ്‌കൂളിനെയാണ് വിനോദ് കോവൂര്‍ സമീപിച്ചത്. കാലാവധി കഴിഞ്ഞ് രണ്ടു വര്‍ഷത്തോളം ആയതിനാല്‍ വീണ്ടും റോഡ് ടെസ്റ്റ് എടുക്കണം. എന്നാല്‍ ഈ നടപടികളൊന്നും പാലിക്കാതെ ലൈസന്‍സ് പുതുക്കാന്‍ ശ്രമിക്കുകയായിരുന്നു.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഉപയോഗിക്കുന്ന പാസ്‌വേര്‍ഡ് ഉപയോഗിച്ച് മറ്റാരോ ലൈസന്‍സ് പുതുക്കാന്‍ ശ്രമിക്കുകയായിരുന്നു. മാര്‍ച്ച് ഒന്നിനാണ് ശ്രമം നടന്നത്. മറ്റൊരു ഐപി അഡ്രസില്‍ നിന്നും പാസ്‌വേര്‍ഡ് ഉപയോഗിച്ചതായി മെസേജ് വന്നതോടെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ടിഓയെ അറിയിക്കുകയായിരുന്നു.

നസീറ ഡ്രൈവിംഗ് സ്‌കൂളിലെ ഐപി അഡ്രസില്‍ നിന്നാണ് വെബ്‌സൈറ്റില്‍ കയറാന്‍ ശ്രമം നടന്നതെന്ന് സൈബര്‍ സെല്‍ നടത്തിയ കണ്ടെത്തി. എന്നാല്‍, ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു. അതേസമയം, ഡ്രൈവിംഗ് സ്‌കൂളില്‍ ലൈസന്‍സ് പുതുക്കാന്‍ നല്‍കിയെന്നല്ലാതെ മറ്റൊന്നുമറിയില്ലെന്ന് വിനോദ് കോവൂര്‍ വ്യക്തമാക്കി.