സൈക്കിളില്‍ പോയത് പ്രതിഷേധിക്കാനല്ല, മറ്റ് വ്യാഖ്യാനങ്ങള്‍ വേണ്ട: വിജയ്

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയ നടന്‍ വിജയ്‌യുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചെന്നൈ നീലാങ്കരിയിലുള്ള ബൂത്തിലാണ് വിജയ് വോട്ട് ചെയ്യാനെത്തിയത്. ഇന്ധന വില വര്‍ദ്ധനവിന് എതിരെയുള്ള താരത്തിന്റെ പ്രതിഷേധമാണിത് എന്ന അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്.

എന്നാല്‍ കാര്യം അങ്ങനെയല്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിജയ്‌യുടെ മാനേജര്‍ റിയാസ്. പോളിംഗ് ബൂത്ത് വിജയ്‌യുടെ വീടിനടുത്ത് ആയതിനാലാണ് അദ്ദേഹം സൈക്കിളില്‍ പോകാന്‍ തീരുമാനിച്ചത്. കാര്‍ എടുത്താല്‍ റോഡില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടേക്കാം. ഇതിന് പിന്നില്‍ മറ്റൊരു ഉദ്ദേശവുമില്ല എന്നാണ് റിയാസിന്റെ ട്വീറ്റ്.

വിജയ് സൈക്കിളില്‍ പോളിംഗ് ബൂത്തിലെത്തിയ വീഡിയോയും ചിത്രവും നിമിഷങ്ങള്‍ കൊണ്ടാണ് വൈറലായത്. പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്ക്കെതിരെ കേന്ദ്രസര്‍ക്കാരിനോടുള്ള പ്രതിഷേധ സൂചകമായാണ് വിജയ് സൈക്കിളില്‍ എത്തിയത് എന്ന പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്.

അതേസമയം, സൂര്യ, രജനികാന്ത്, കമല്‍ഹാസന്‍, ശിവ കാര്‍ത്തികേയന്‍, ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളടക്കം രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി.