നടന്‍ ചിമ്പുവിന് നിര്‍മ്മാതാക്കളുടെ റെഡ് കാര്‍ഡ്; അഭിനയ സാധ്യത മങ്ങിയേക്കും

നിര്‍മ്മാതാക്കളുടെ ഭാഗത്തു നിന്നും നടന്‍ ചിമ്പുവിനെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാചര്യത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ റെഡ് കാര്‍ഡ്. ചുവപ്പ് നോട്ടീസ് ലഭിച്ച ചിമ്പുവിന് ഇനി സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമാ ചിത്രീകരണത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നുവെന്ന നിര്‍മ്മാതാക്കളുടെ പരാതിയെതുടര്‍ന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്ക് കല്‍പ്പിച്ചത്.

അവസാനമായി അഭിനയിച്ച സിനിമയുടെ ചിത്രീകരണത്തില്‍ 29 ദിവസം മാത്രമായിരുന്നു ചിമ്പു പങ്കെടുത്തത്. പിന്നീട് ചിമ്പു സിനിമയോട് സഹകരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ എടുത്ത ഷോട്ടുകള്‍വെച്ച് സിനിമ പുറത്തിറക്കാനാണ് ചിമ്പു പറഞ്ഞത്. ഇതാണ് ചിമ്പുവിനെതിരെ നടപടി എടുക്കാന്‍ പ്രധാനകാരണം.

ചിമ്പു പറയുന്നതു പോലെ എടുത്ത സീനുകള്‍വെച്ച് സിനിമ പുറത്തിറക്കാന്‍ സാധിക്കാത്തതിനാല്‍ നടപടി ആവശ്യപ്പെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമീപിക്കുകയായിരുന്നു. ചിമ്പുവിന് ചുവപ്പുകാര്‍ഡ് നല്‍കിയെങ്കിലും തുടര്‍ന്ന് സിനിമകളില്‍ അഭിനയിക്കാന്‍ സാധിക്കില്ല എന്ന വാര്‍ത്തയോട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഇതുവരെ പ്രതികരിച്ചിട്ടില്ല.