പൃഥിരാജ് ഇന്ത്യന്‍ സിനിമയിലെ ശശി തരൂര്‍: പ്രസന്ന

ഇംഗ്ലീഷിന്റെ പേരില്‍ പലതവണ ട്രോളുകളില്‍ ഇടംപിടിച്ച താരമാണ് പൃഥിരാജ്. എന്നാല്‍ ഇന്ത്യന്‍ സിനിമയിലെ ശശി തരൂര്‍ എന്നാണ് തെന്നിന്ത്യന്‍ താരം പ്രസന്ന പൃഥിരാജിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്ത ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രസന്ന. ഒരു അഭിമുഖത്തിനിടെയാണ് പൃഥിരാജിന്റെ ഇംഗ്ലീഷിനെ കുറിച്ച് താരം തുറന്നു പറഞ്ഞത്.

“”എന്നെ അത്ഭുതപ്പെടുത്തുന്നത് പൃഥ്വിരാജിന്റെ ഇംഗ്ലീഷാണ്. മലയാളത്തിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ ശശി തരൂരാണ് രാജുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഖത്തറില്‍ നടന്ന പ്രമോഷന്‍ പരിപാടിയില്‍ രാജുവിന്റെ പ്രസംഗം കേട്ട് സദസ്സിലെ പലരും സ്തംഭിച്ചിരുന്നു പോയി. “ഇതിന്റെ ഏറ്റവും ബെസ്റ്റ് എന്‍കാപ്സുലേഷന്‍ എന്നൊക്കെ പറഞ്ഞ് തകര്‍ത്താണ് രാജുവിന്റെ പ്രസംഗം.”
അന്തംവിട്ട് സംവിധായകന്‍ ഷാജോണിനെ നോക്കിയപ്പോള്‍ “ഇതൊക്കെ ചെറുത്” എന്ന മട്ടില്‍ പ്രത്യേക ഭാവത്തില്‍ ഒരു ജ്ഞാനിയെപ്പോലെ ഇരിക്കുന്നു കക്ഷി. പക്ഷേ ഒന്നുണ്ട്, സ്വാഭാവികമായി വരുന്നതാണ് രാജുവിന്റെ ഇംഗ്ലീഷ്. വായന കൊണ്ടും മറ്റും നേടിയെടുത്തതാണത്.”” എന്നാണ് പ്രസന്നയുടെ വാക്കുകള്‍.

ബ്രദേഴ്‌സ് ഡേയുടെ സെറ്റില്‍ നന്നായി മലയാളം സംസാരിക്കുന്ന പ്രസന്നയെ കുറിച്ചും ഷാജോണും സഹതാരങ്ങളും സംസാരിച്ചിരുന്നു. പ്രസന്നയുടെ മലയാളം കേട്ട് പാലക്കാട്ടുകാരനാണോ എന്നും പലരും ചോദിച്ചിരുന്നതായി ഷാജോണ്‍ വ്യക്തമാക്കിയിരുന്നു.