ആള്‍ക്കൂട്ട ആക്രമണത്തിന് എതിരെ പ്രധാനമന്ത്രിയ്ക്ക് കത്ത്; നടന് വധഭീഷണി

രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ച ബംഗാളി നടന് വധഭീഷണി. ബംഗാളി നടന്‍ കൗഷിക് സെന്നിനാണ് വധഭീഷണി മുഴക്കി ഫോണ്‍ സന്ദേശം ലഭിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്‍, മണി രത്‌നം, അനുരാഗ്, കശ്യപ്, അപര്‍ണ സെന്‍, കൊങ്കണ സെന്‍ ശര്‍മ്മ, സൗമിത്ര ചാറ്റര്‍ജി, രേവതി, ശ്യാം ബെനഗല്‍, റിദ്ധി സെന്‍, ബിനായക് സെന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഒപ്പുവെച്ച കത്താണ് പ്രധാനമന്ത്രിക്ക് അയച്ചിരുന്നത്.

“ഇന്നലെയാണ് എനിക്ക് അജ്ഞാത നമ്പരില്‍ നിന്നും ഫോണ്‍ സന്ദേശം ലഭിച്ചത്. അസഹിഷ്ണുതയ്ക്കും ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കുമെതിരേ ശബ്ദമുയര്‍ത്തുന്നത് നിര്‍ത്തണമെന്നായിരുന്നു ആവശ്യം. അല്ലെങ്കില്‍ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി.” കൗഷിക് പറഞ്ഞു.

Read more

ഇത്തരത്തിലുള്ള ഭീഷണികളില്‍ താന്‍ ഭയപ്പെടില്ലെന്നും എന്നോടൊപ്പം ഒപ്പു വെച്ചവരെ ഇക്കാര്യം അറിയിക്കുകയും അവര്‍ക്ക് ആ നമ്പര്‍ കൈമാറുകയും ചെയ്തിട്ടുണ്ടെന്നും കൗഷിക് പറഞ്ഞു. മുസ്ലിങ്ങള്‍, ദളിതര്‍, മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ എന്നിവര്‍ക്കെതിരായ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ എത്രയും പെട്ടെന്ന് ഇല്ലാതാക്കണമെന്നും സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തിയാല്‍ ദേശവിരുദ്ധരായി മുദ്രകുത്താന്‍ പാടില്ലെന്നുമാണ് കത്തിലെ ആവശ്യം.