ചിരിച്ചും ചിരിപ്പിച്ചും കടന്നു പോയ കലാഭവന്‍ മണി

സോക്രട്ടീസ് കെ. വാലത്ത്

കലാഭവന്‍ മണി ഒരു സിനിമയാണ്. ചിരിപ്പിക്കുന്ന സിനിമ. ക്‌ളൈമാക്‌സ് പക്ഷേ, കണ്ണീരിലായിപ്പോയെങ്കിലും മലയാളിയുടെ മനസ്സില്‍ ഇന്നും ഇപ്പോഴും “കലാഭവന്‍ മണി” എന്ന സമ്പൂര്‍ണ്ണ ചിരിപ്പടം ഓടിക്കൊണ്ടേയിരിക്കുന്നു. നിറഞ്ഞ കയ്യടിയോടെ. മണികിലുങ്ങുന്ന ചിരി ബാക്കിയാക്കി മണി മാഞ്ഞു പോയിട്ട് ഇതു മൂന്നാം വര്‍ഷം.

മാര്‍ച് 6 2016

കലാഭവന്‍ മണിയുടെ ആരാധകരെ കടുത്ത ദുഖത്തിലാഴ്ത്തിയ ദിവസം. മണി എന്ന ചാലക്കുടിയുടെ കറുത്ത മാണിക്യം മലയാള സിനിമയെയും ചാലക്കുടിയിലെ ചങ്ങാതിമാരെയും വിട്ടു പോയ ദിനം. രണ്ടു ദശാബ്ദങ്ങള്‍ കത്തി നിന്ന ഒരു ഉത്സവജീവിതം അന്ന് അപ്രതീക്ഷിതമായി കൊടിയിറങ്ങി. അതെ, ജീവിതം ഉത്സവമാക്കിയ- ഉത്സവത്തിന്റെ ഉച്ചാവസ്ഥയില്‍ വെച്ച് ജീവിതം അവസാനിക്കാന്‍ “യോഗ”മുണ്ടായ, അപൂര്‍വം പേരില്‍ ഒരാളായി കലാഭവന്‍ മണി.

മലയാള സിനിമയുടെ ചാര്‍ലി ചാപ്‌ളിന്‍ ആയിരുന്നു കലാഭവന്‍ മണി. ചാപ്‌ളിന്റേതു പോലെ കടുത്ത ദാരിദ്യത്തില്‍ നിന്നു ജീവിതം തുടങ്ങി. ഇച്ഛാശക്തി കൊണ്ടും കഴിവു കൊണ്ടും സ്വപ്‌നം കണ്ടിട്ടില്ലാത്ത ഒരു നിലയിലേക്കു പിടിച്ചു കയറി. നടനും ഗായകനുമായി പേരെടുത്തു. തെലുഗു, കന്നഡ, തമിഴ്, മലയാളം ഭാഷകളിലായി ഇരുന്നൂറോളം സിനിമകള്‍. നായകനായും വില്ലനായും പല പല പകര്‍ന്നാട്ടങ്ങള്‍. അഭിനയത്തിന് ദേശീയ സംസ്ഥാന ബഹുമതികള്‍. പാടിപ്പുറത്തിറക്കിയ നാടന്‍ പാട്ടുകളുടെയും ഭക്തിഗാനങ്ങളുടെയും മാപ്പിളപ്പാട്ടുകളുടെയും കാസറ്റുകള്‍ നിരവധി. രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ സ്റ്റേജ് ഷോകള്‍. ചുരുങ്ങിയ കാലം കൊണ്ട് അളവറ്റ ധനം.

വാരിക്കോരി ദാനം ചെയ്തു. സ്‌കൂളുകള്‍ക്ക്, പള്ളികള്‍ക്ക്, അമ്പലങ്ങള്‍ക്ക്, ഒരു ഗതിയുമില്ലാ പരഗതിയുമില്ലാപ്പാവങ്ങള്‍ക്ക് കൈമറന്നും, തിരിച്ചൊന്നും പ്രതീക്ഷിക്കാതെയും. അതിരപ്പിള്ളി ഭാഗത്ത് രണ്ടു ആദിവാസികോളനികള്‍ തന്നെ ഏറ്റെടുത്തു. ആദിവാസിക്കുട്ടികള്‍ക്ക് വിനോദ കേന്ദ്രങ്ങള്‍ കാണാന്‍ അവസരമുണ്ടാക്കി. ചാലക്കുടിയിലും പരിസരത്തും ആര്‍ക്കും ഒന്നിനും ഒരു കുറവുണ്ടാകരുത് എന്നു ശഠിക്കും പോലെയായിരുന്നു ഓരോന്നും. വന്ന വഴി മണി മറന്നില്ല. മണി വിശപ്പറിഞ്ഞവനാണ്. വിശന്നതു കൊണ്ടു മാത്രം ഒന്നും പഠിക്കാനാവാതെ പത്തില്‍ പഠിത്തം നിറുത്തിയതാണ്. നാട്ടിലെ കണ്ട പണികളൊക്കെ എടുത്ത് കുടുംബം പോറ്റാന്‍ ശ്രമിച്ചവനാണ്. ചാലക്കുടിയുടെ തെരുവുകളിലും കുണ്ടനിടവഴികളിലും രാപ്പകല്‍ ഓട്ടോ ഓടിച്ച് അന്നന്നേടം കഴിച്ചവനാണ്. അതൊന്നും മറക്കാതിരുന്നതു കൊണ്ടാണ് മണി “പാവങ്ങളുടെ സൂപ്പര്‍ സ്‌ററാര്‍” ആയി മാറിയത്.

തനി ഉള്‍നാടന്‍ മനസ്സായിരുന്നു. ചിരിക്കാനും കരയാനും അത്ര വലിയ കാര്യങ്ങളൊന്നും വേണ്ട. പക്ഷേ, കൂടുതലും ചിരിക്കാനാണ് മണി ശ്രമിച്ചത്. ചിരിപ്പിക്കാനും. ഓട്ടോ ഓടിച്ചും കൂട്ടുകൂടിയും നടന്ന കാലത്ത് ഏതാണ്ട് കാല്‍ നൂറ്റാണ്ടു മുമ്പ്, ചുമ്മാ തമാശയ്ക്ക് മണി ഉണ്ടാക്കിയെടുത്ത ഒരു പ്രത്യേക തരത്തിലുള്ള ചിരി- ആ സവിശേഷമായ ശൈലിയിലുള്ള, ഇന്നിപ്പോള്‍ കേട്ടാലും നമ്മളെ ചിരിപ്പിക്കുന്ന ആ ചിരി- അതായിരുന്നു മണിയുടെ ഭാഗ്യ നമ്പര്‍! ആ ചിരിയുമായി കലാഭവനിലെത്തി. പിന്നെ ഉയരത്തിലേക്കുള്ള, കുത്തനെയുള്ള കയറ്റം. കലാഭവന്‍ മണിയില്ലാത്ത സിനിമ ഇല്ലെന്നായി. സൂപ്പര്‍സ്റ്റാറുകളുടെ സിനിമകളുടെ പോലും വിജയഘടകങ്ങളില്‍ ഒന്ന് മണിയായി മാറി.

“ഉദ്യാനപാലകനി”ലെ ലൈന്‍മാന്‍ ജോസ്. അണുവിട ശ്രദ്ധ തെറ്റിയാല്‍ കൈവിട്ട് പോകാന്‍ സാധ്യത ഏറെയുള്ള കഥാപാത്രം. പ്രണയനൈരാശ്യം മദ്യപിച്ചും കാമുകിയുടെ സഹോദരനെ ചീത്ത വിളിച്ചും ചിലപ്പോള്‍ വിതുമ്പിക്കരഞ്ഞും തീര്‍ക്കുന്ന ജോസ് ആ ചിത്രത്തില്‍ ഒരു കോമഡി കഥാപാത്രമല്ല. കോമഡി ഉളവാക്കാന്‍ മണി ഒന്നും ചെയ്യുന്നുമില്ല. ഒരു കണ്ണീര്‍ കഥാപാത്രത്തെ ആ കണ്ണീരത്രയും ഉള്‍ക്കൊണ്ട് അങ്ങു ചെയ്തു എന്നു മാത്രം. പക്ഷേ, തിയേറ്ററുകള്‍ ചിരിച്ചു. അവിടെയാണ് മണി എന്ന സ്വഭാവ നടന്റെ വിജയം.

“കുട്ടിച്ചാത്തനി”ലും ദിലീപിന്റെ “കുബേര”നും “വെട്ട”വും പോലുള്ള പല ചിത്രങ്ങളിലും ചിരിയുടെ നിറസാന്നിദ്ധ്യമായപ്പോള്‍ മണി വില്ലന്‍ വേഷത്തിലും തട്ടുതകര്‍പ്പന്‍ കളി കളിച്ചു. ഛോട്ടാ മുംബൈയിലെ മോഹന്‍ലാലിന്റെ വാസ്‌കോഡ ഗാമ എന്ന “തല”യ്ക്ക് ഒത്ത വില്ലനായി കലാഭവന്‍ മണിയുടെ സര്‍ക്കിള്‍ നടേശന്‍ . തമിഴകത്തേക്കു കടന്നപ്പോള്‍ “പാപനാശ”മായി മാറിയ “ദൃശ്യ”ത്തിലെ ആ പോലീസുകാരനാണ് മണി മിന്നിയ അവസാന വേഷങ്ങളില്‍ ഏറ്റവും ശ്രദ്ധേയം.

ചിരി മണിയുടെ ദൗര്‍ബല്യമായിരുന്നു. ചിരിക്കുന്ന കൂട്ടുകാരും. അവരുമൊത്തുള്ള വേളകളില്‍ ചിരിയുടെ ലഹരിയിലാണ്ടു മുങ്ങി അലിഞ്ഞില്ലാതാവുന്നതും. ഒടുവില്‍ അതു തന്നെ സംഭവിച്ചു. ചാലക്കുടിയിലും പുറത്തുമുള്ള സുഹൃത്തുക്കളുമൊത്തുള്ള രണ്ടു ദിവസം നീണ്ട ചിരി ഉത്സവം. അതിനിടയില്‍ വെച്ചു തന്നെ ആഹ്‌ളാദത്തിന്റെ കൊടിമുനത്തുമ്പില്‍ നിന്ന് പൊടുന്നനെയങ്ങ് പറന്നുയര്‍ന്ന് മാഞ്ഞുപോകാന്‍ മണിക്കു സാധിച്ചു. ഒരു വിധത്തില്‍ ഭാഗ്യ മരണം.

മരണം ബാക്കി വെച്ച ചോദ്യങ്ങള്‍ ഒരുപാടുണ്ട്. കാലം അതിനൊക്കെ ഉത്തരം തന്നേക്കാം. പക്ഷേ, അകാലത്തില്‍ നിലച്ചു പോയ ഈ മണിനാദം ചിലതെല്ലാം നമ്മെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഒന്നും ഒരാളില്‍ അവസാനിക്കുന്നില്ല. “മണി”കള്‍ ഇനിയും മുഴങ്ങും.ഒരു തികഞ്ഞ കലാകാരന്‍ ആത്യന്തികമായി ഉത്തരവാദിത്വം കാണിക്കേണ്ടത് സ്വന്തം കലയോടാണ്. ബാക്കിയെന്തും രണ്ടാമതാണ്. (ആദ്യത്തേത് ശരിയാവുമ്പോള്‍ ബാക്കിയുള്ളതൊക്കെ വഴിയേ ശരിയാകും). അതുപോലെ കലാകാരനെ കുറെയൊക്കെ തനിയേ വിടേണ്ടതും , മനുഷ്യനെന്ന നിലയില്‍ അയാള്‍ക്കു തെറ്റുമ്പോള്‍ തിരുത്തി നേരെയാക്കാന്‍ ശ്രമിക്കേണ്ടതും അയാളോടു ഏറ്റവും അധികം അടുത്തു നില്‍ക്കുന്നവരുടെ ഉത്തരവാദിത്വമാണ്. -വിഖ്യാത ചലച്ചിത്രകാരന്‍ ജോണ്‍ എബ്രഹാമിനു സംഭവിച്ചതോര്‍മ്മിക്കാം.

ലഹരിയുടെ സുഹൃത്ത്‌സംഗമങ്ങളിലേക്കു വലിച്ചിറക്കാന്‍ കൂടെ കൂടിയവര്‍ ഒരുപാടുണ്ടായി. പോയപ്പോള്‍ ജോണിനു പോയി. നഷ്ടം കലാകേരളത്തിനും. സിനിമയില്‍ പി.എന്‍. മേനോന്‍, കഥയില്‍ വിക്റ്റര്‍ ലീനസ്, ടി.ആര്‍, കവിതയില്‍ അയ്യപ്പന്‍ അങ്ങിനെ ഇടത്താവളങ്ങളിലെ സുഹൃത്ത് ലഹരികളിലൊടുങ്ങി കലാജീവിതം അകാലത്തില്‍ കെട്ടുപോയ ദുരന്തസാക്ഷ്യങ്ങള്‍ പലതുണ്ട്. ആ പട്ടിക കലാഭവന്‍ മണി എന്ന- ഇനിയും പലതും സിനിമാലോകത്തിനു നല്‍കാന്‍ കഴിയുമായിരുന്ന കലാകാരനില്‍ വരെയെത്തി നില്‍ക്കുന്നു. ഇതിനിനി തുടര്‍ച്ച ഉണ്ടാവാതിരിക്കട്ടെ.