സിനിമയിലെ അതിജീവനം എളുപ്പമല്ല; തുറന്നു പറഞ്ഞ് ബിജു പപ്പൻ

സിനിമയിൽ നിന്നു മാത്രം വരുമാനമുള്ള തങ്ങളെപ്പോലുള്ളവർകോവിഡ് കാലത്തെ പ്രതിസന്ധിയിൽ അതിജീവനത്തിനായി നെട്ടോട്ടമോടുകയാണെന്ന് പറയുകയാണ് നടൻ ബിജു പപ്പൻ . ചില മുൻനിര അഭിനേതാക്കളുടെ “നോ”യിൽ തീരാവുന്നതാണ് തങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങളെന്നും  മാതൃഭൂമി ഡോട്ട്കോമുമായുളള അഭിമുഖത്തിൽ  ബിജു പറയുന്നു.

“”സിനിമയിലെ അതിജീവനം എളുപ്പമല്ല. ഞാനിപ്പോൾ അമ്മയിലെ അം​ഗമായി 18 വർഷങ്ങൾ കഴിഞ്ഞു. അമ്മയിലെ അം​ഗങ്ങളിൽ പത്ത് ശതമാനത്തോളം പേർക്ക് മാത്രമേ കാര്യമായ വരുമാനമുള്ളൂ. നായകനായി നായികയായി വരുന്നവർക്കും പ്രധാന താരങ്ങൾക്കും ഒഴികെ മറ്റുള്ളവർക്ക് കൃത്യമായി പെെസ ലഭിക്കുന്നുണ്ടോ എന്നൊന്നും ആരും അന്വേഷിക്കാറില്ല.

പ്രധാനതാരങ്ങളുടെ പ്രതിഫലം കിട്ടിയില്ല എങ്കിൽ അവർ ഡബ്ബ് സമ്മതിക്കാത്തത് തുടങ്ങി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും. എന്നാൽ എന്നെപ്പോലെയോ അനിൽ മുരളിയെപ്പോലെയുള്ളവർക്കൊപ്പം അങ്ങനെ ചെയ്യാൻ സാധിക്കില്ല.

ഇനി മറ്റൊരു പ്രധാനപ്പെട്ട കാര്യം സിനിമയിലെ വലിയ വലിയ ആർട്ടസിറ്റുകൾക്ക് ഞങ്ങളെപ്പോലുള്ളവരെ എപ്പോൾ വേണമെങ്കിലും മാറ്റാനാകും. “”ഇവന്റെ മുഖം കണ്ടുമടുത്തു, ഇവൻ ആ വേഷം ചെയ്യേണ്ട”” എന്ന് പറഞ്ഞാൽ ഞങ്ങളുടെ കഥ തീർന്നു. അങ്ങനെ പറയുന്നവർ ആലോചിക്കുന്നില്ല, അവരുടെ “നോ” യിൽ ഇല്ലാതാകുന്നത് ഞങ്ങളുടെ കുടുംബത്തിന് അഞ്ച് മാസത്തോളം ജീവിക്കാനുള്ള വരുമാനമാണ്.