ചിരിയുടെ കുട ചൂടിയ മഹാനടന്‍

മലയാള സിനിമയിലെ എക്കാലത്തേയും ഒരു മികച്ച ഹാസ്യനടനായിരുന്നു ബഹദൂര്‍. ഇന്ന് ബഹദൂറിന്റെ എട്ടാം ചരമദിനം. “ജോക്കര്‍” എന്ന ഒറ്റ സിനിമ മതി ഹാസ്യസമ്രാട്ട് ബഹദൂറിനെ മലയാളികള്‍ക്ക് ഇന്നും ഓര്‍മ്മിക്കാന്‍. ബഹുദൂറിന്റെ അവസാന ചിത്രം കൂടിയാണ് ജോക്കര്‍. നായകന്‍, സഹനടന്‍, ഹാസ്യതാരം എന്നിങ്ങനെ ഒരുപാട് വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത താരമാണ് ബഹുദൂര്‍.

പടിയത്ത് കൊച്ചുമൊയ്തീന്റെയും ഖദീജയുടെയും മകനായി ജനനം. സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം പഠനം നിര്‍ത്തേണ്ടി വന്ന ബഹദൂര്‍ അഭിനയരംഗത്തേക്ക് എത്തുന്നതിനു മുമ്പ് ബസ്സ് കണ്ടക്ടറായി ജോലി ചെയ്തിരുന്നു. നാടകരംഗത്തു നിന്നാണ് ബഹുദൂര്‍ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത സിനിമാ-നാടക നടനായ തിക്കുറിശ്ശിയുമായുള്ള പരിചയമാണ് സിനിമയിലേക്ക് എത്തിച്ചത്. തിക്കുറിശ്ശിയാണ് ബഹദൂര്‍ എന്ന പേരു നല്‍കുന്നത്.

1954-ല്‍ പ്രദര്‍ശനത്തിനെത്തിയ “അവകാശി” എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. അക്കാലത്ത് ആകാശവാണിയില്‍ അവതരിപ്പിക്കുന്ന നാടകങ്ങളില്‍ ശബ്ദം നല്‍കിയിരുന്നു. “പാടാത്ത പൈങ്കിളി” എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ചലച്ചിത്രരംഗത്ത് സജീവമായി. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ആ കാലഘട്ടത്തില്‍ പ്രശസ്ത നടന്‍ അടൂര്‍ ഭാസിയുമായി ചേര്‍ന്ന് ഒരു ഹാസ്യ ജോടി തന്നെ മലയാള സിനിമയില്‍ സൃഷ്ടിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് 2000 മെയ് 22-ന് അന്തരിച്ചു.