‘ആരുടെയൊക്കെയോ പുണ്യം കൊണ്ട് കാര്യമായിട്ട് ഒന്നും പറ്റിയില്ല’; ഷൂട്ടിംഗ് വേളയിലെ അപകടത്തെ കുറിച്ച് ടൊവീനോ

Advertisement

എടക്കാട് ബറ്റാലിയന്‍ 06 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പൊള്ളലേറ്റെന്ന വാര്‍ത്തെ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. സംഭവത്തിന്റെ വീഡിയോ കൂടി പ്രചരിച്ചതോടെ ആരാധകരുടെ ചങ്കിടിപ്പ് ഇരട്ടിയായി. സംഭവത്തിന് പിന്നാലെ കാര്യമായി ഒന്നും സംഭവിച്ചില്ല എന്ന ടൊവീനോയുടെ തന്നെ കുറിപ്പ് വന്നതോടെയാണ് ആരാധകര്‍ക്ക് സമാധാനമായത്.

‘സ്‌നേഹാന്വേഷണങ്ങള്‍ക്ക് നന്ദി. ആരുടെയൊക്കെയോ പുണ്യം കൊണ്ട് കാര്യമായിട്ട് ഒന്നും പറ്റിയില്ല. എല്ലാവര്‍ക്കും നന്ദി.’ ടൊവീനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അഭിനയത്തോടുള്ള അര്‍പ്പണം നല്ലതാണെന്നും, എന്നാല്‍ റിസ്കുള്ള രംഗങ്ങളില്‍ അഭിനയിക്കുന്നത് സൂക്ഷിക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്.

ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. നാല് വശത്തും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രംഗമായിരുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ നിര്‍ബന്ധം പിടിച്ചെങ്കിലും അത് വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു. ഷോട്ട് എടുത്ത് സംവിധായകന്‍ കട്ട് പറഞ്ഞെങ്കിലും രംഗം പൂര്‍ത്തിയാകാന്‍ കഴിയാഞ്ഞതിനാല്‍ ടൊവിനോ വീണ്ടും അഭിനയിക്കുകയായിരുന്നു. സംഘട്ടനരംഗം മുഴുവന്‍ ചെയ്തു തീര്‍ത്തതിനു ശേഷമാണ് ടൊവിനോ പിന്‍വാങ്ങിയത്.