ശുഭരാത്രി; പ്രേക്ഷകരെ കാത്തിരിക്കുന്നത് അപ്രതീക്ഷിത ട്വിസ്റ്റുകള്‍

ദിലീപ് – അനു സിത്താര ചിത്രം ശുഭരാത്രി അണിയറയിലൊരുങ്ങുകയാണ്. ചിത്രത്തില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് അപ്രതീക്ഷിത ട്വിസ്റ്റുകളെന്ന് അണിയറ പ്രവര്‍ത്തകര്‍.

ലൈഫ് ഈസ് ആന്‍ ആക്‌സിഡന്റ് എന്നൊരു ചൊല്ലുണ്ട് കാരണം ജീവിതത്തിലെ പല സന്ദര്‍ഭങ്ങളും അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ്. മുന്‍കൂട്ടി നമ്മള്‍ പ്ലാന്‍ ചെയ്യുന്ന പലതും നടക്കാതെ പോവുകയും തീരെ പ്രതീക്ഷിക്കാതെ നമ്മുടെ ജീവിതത്തില്‍ ചിലത് സംഭവിക്കുകയും ചെയ്യുന്നു. അത്തരം ഒരു സന്ദര്‍ഭം ആണ് ശുഭരാത്രിയിലെ ദിലീപ് കഥാപാത്രം കൃഷ്ണന്റെ ജീവിതം മാറ്റി മറിച്ചത്. കൂട്ടുകാര്‍ക്കു വേണ്ടി ചാടി പുറപ്പെട്ടു സ്വന്തം ജീവിതം വിലയായി നല്‍കിയ കൃഷ്ണന്റെ കഥ ശുഭരാത്രിയില്‍ കാണാം

ചിത്രത്തിലെ കൃഷ്ണന്‍ സാധാരണക്കാരനായ ചെറുപ്പക്കാരനാണ്. കൃഷ്ണന് ഒരു പ്രണയമുണ്ട്. പണം പലിശക്ക് കൊടുക്കുന്ന വലിയ ബിസിനസുകാരന്റെ മകള്‍ ശ്രീജയാണ് കാമുകി. മകളുടെ പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ ആകെ പ്രശ്‌നമായി. കാര്യം കൈവിട്ടു പോകുമെന്നറിഞ്ഞപ്പാേള്‍ വിവരം കൃഷ്ണനെ അറിയിക്കുന്നു. തുടര്‍ന്നാണ് കൃഷ്ണന്‍ ശ്രീജയുടെ വീട്ടില്‍ വരുകയും ആ പ്രതേക്യ സാഹചര്യത്തില്‍ ശ്രീജ കൃഷണന്റെ കൂടെ ഇറങ്ങി പോകുകയും ചെയ്യുന്നത്. അമ്പലത്തില്‍ വെച്ച് വിവാഹിതരായ അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് ശുഭരാത്രി”യില്‍ ദൃശ്യവത്കരിക്കുന്നത്. ശ്രീജയായി അനു സിത്താരയും മാതാപിതാക്കളായി ജയന്‍ ചേര്‍ത്തലയും രേഖ സതീഷും അഭിനയിക്കുന്നു.

ഏറെ നിരൂപക പ്രശംസ നേടിയ അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിനുശേഷം വ്യാസന്‍ കെ.പി (വ്യാസന്‍ എടവനക്കാട്) രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ലൈലത്തുല്‍ ഖദര്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

ദിലീപിന്റെ ആകാംക്ഷയുണര്‍ത്തുന്ന അഭിനയ മുഹൂര്‍ത്തങ്ങളാണ് ട്രെയിലറിലുള്ളത്. ഇത്തവണയും പുതുമയുളള ഒരു പ്രമേയം പറയുന്ന സിനിമയുമായി എത്തുന്ന ദിലീപ് ചിത്രത്തിന് 200 ശതമാനം ഗ്യാരണ്ടിയാണ് നല്‍കുന്നത്. 100 ശതമാനം ഫാമിലി ചിത്രവും, 200 ശതമാനം ഫീല്‍ ഗുഡ് ചിത്രവുമെന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് ദിലീപ് കുറിച്ചിരിക്കുന്നത്.

നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, അജു വര്‍ഗീസ്, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്നി ഖാന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.സംഗീതം ബിജിബാല്‍. നിര്‍മ്മാണം അരോമ മോഹന്‍. വിതരണം അബാം മൂവീസ്. ആല്‍ബിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.