കാലുകള്‍ മാത്രമല്ല, സ്ത്രീകള്‍ക്ക് തലച്ചോറുമുണ്ട്; ആഭിജയുടെ പോസ്റ്റ് വൈറല്‍

Advertisement

വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട നടി അനശ്വര രാജന് പിന്തുണയുമായി മലയാളത്തിലെ മുന്‍ നിര നായികമാരടക്കം രംഗത്തെത്തിയിരുന്നു. വീ ഹാവ് ലെഗ്‌സ് എന്ന കാമ്പയ്ന്‍ ഏറ്റെടുത്ത് താരങ്ങള്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. കാമ്പയ്‌ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടി ആഭിജ പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്.

സ്ത്രീകള്‍ക്ക് കാലുകള്‍ മാത്രമല്ല തലച്ചോറും ഉണ്ടെന്നാണ് ചിത്രത്തിന് നടി നല്‍കിയ ക്യാപ്ഷന്‍. റിമ കല്ലിങ്കല്‍ അടക്കമുള്ള താരങ്ങളും ആഭിജയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. ചിത്രത്തെ അനുകൂലിച്ചും അശ്ലീല കമന്റുകളുമായും നിരവധി പേരെത്തിയിട്ടുണ്ട്.

ഉദാഹരണം സുജാത, ആക്ഷന്‍ ഹീറോ ബിജു എന്നിവയാണ് ആഭിജയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍. അനശ്വര പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പലരേയും പ്രകോപിപ്പിച്ചത്. നാടന്‍ ലുക്കില്‍ പ്രത്യക്ഷപ്പെടാറുള്ള താരത്തിന്റെ പുതിയ മോഡേണ്‍ ലുക്കിനെതിരെയാണ് സൈബര്‍ ആക്രമണം നടന്നത്. എന്ത് വസ്ത്രമാണ് ഇത് എന്നാണ് ചിലരുടെ വിമര്‍ശനങ്ങള്‍.

”പതിനെട്ട് ആയല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ?” എന്നായിരുന്നു ഒരു കമന്റ്. അടുത്തിടെയാണ് അനശ്വര പതിനെട്ടാം ജന്മദിനം ആഘോഷിച്ചത്. ഇതോടെ അത്ഭുതം അത്ഭുതം..സ്ത്രീകള്‍ക്ക് കാലുകളുണ്ട് എന്ന ക്യാപ്ഷനോടെ ചിത്രം പങ്കുവച്ചാണ് റിമ കല്ലിങ്കല്‍ ക്യാമ്പെയ്‌ന് തുടക്കം കുറിച്ചത്.

അഹാന കൃഷ്ണ, അനാര്‍ക്കലി മരക്കാര്‍, അന്ന ബെന്‍, നയന്‍താര ചക്രവര്‍ത്തി, എസ്തര്‍, രജിഷ വിജയന്‍ അമേയ തുടങ്ങിയ നടിമാരും ഹരീഷ് പേരടി, അനില്‍ നെടുമങ്ങാട് എന്നീ നടന്‍മാരും ഞങ്ങള്‍ക്ക് കാലുകളുമുണ്ട് എന്ന കാമ്പയിന്റെ ഭാഗമായി രംഗത്തെത്തിയിട്ടുണ്ട്.