ആദി ജനുവരി 26ന് റിലീസ് ചെയ്യാനൊരു കാരണമുണ്ട്, അത് മോഹന്‍ലാലാണ്

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ആദിയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ജനുവരി 26 ആണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ്. ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്. നേരത്തെ തന്നെ ചിത്രത്തിന്റെ റിലീസ് ഡേറ്റ് ജനുവരി 26 ആണെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനൊരു കാരണവുമുണ്ട്.

17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസമാണ് മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം നരസിംഹം റിലീസ് ചെയ്തത്. സൂപ്പര്‍ഹിറ്റ് ആക്ഷന്‍ ചിത്രമായ നരസിംഹത്തിന്റെ അതേ റിലീസ് തിയതിയില്‍ പുറത്തിറങ്ങുന്ന ആദിയും ആക്ഷന്‍ ത്രില്ലര്‍ ജോണറിലാണ് എത്തുന്നത്. പാര്‍ക്കര്‍ അഭ്യാസമുറ ഉള്‍പ്പെടെ പല അടവുകളും പഠിച്ചെടുത്താണ് പ്രണവ് ആദിയില്‍ അഭിനയിച്ചിരിക്കുന്നത്.

സം ലൈസ് ക്യാന്‍ ബി ഡെഡ്‌ലി എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9ാമത്തെ ചിത്രമാണിത്. എട്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്തപ്പോഴും ഇല്ലാത്ത ടെന്‍ഷനാണ് ഈ ചിത്രത്തിനെന്നാണ് ജീത്തു പറയുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നലെ പുറത്തിറക്കിയിരുന്നു. ചിത്രത്തിന്റെ ടീസര്‍ ഉടന്‍ തന്നെ പുറത്തിറക്കുമെന്ന് കഴിഞ്ഞ ദിവസം ജീത്തു ജോസഫ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു.

#PranavMohanlal In & As #Aadhi 🙂

Posted by Jeethu Joseph on Thursday, 7 December 2017

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പ് ആണ്. സിദ്ദിഖ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷിജു വില്‍സണ്‍, ഷറഫുദ്ദീന്‍, നോബി എന്നീ യുവ താരങ്ങളും സിനിമയിലുണ്ട്.