'ആദി' കോപ്പിയടി വിവാദങ്ങള്‍ക്ക് സംവിധായകന്‍ ജീത്തു ജോസഫിന്റെ മറുപടി

പ്രണവ് മോഹലന്‍ലാല്‍ ചിത്രം ആദി കോപ്പിയടിച്ചതാണെന്ന വിവാദങ്ങള്‍ക്ക് സംവിധായകന്‍ ജീത്തു ജോസഫിന്റെ മറുപടി. കോപ്പിയടി ആരോപണവുമായി തിരുവനന്തപുരം സ്വദേശിയായ ഒരു കഥാകൃത്താണ് രംഗത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ ഇതിലൊന്നും കഴമ്പില്ലെന്നാണ് ജീത്തു ജോസഫ് പ്രതികരിച്ചത്.

എന്റെ സ്വന്തം കഥയാണ് ആദി. ഞാന്‍ ആലോചിച്ചെടുത്ത കഥയാണ്. ഇപ്പോഴുള്ള ആരോപണമൊന്നും എനിക്കറിയില്ല. കോളേജില്‍ പഠിക്കുന്ന കാലത്താണ് ആദി എന്ന കഥ മനസ്സിലേക്ക് വരുന്നത്. അന്ന് പാര്‍ക്കൗര്‍ അല്ലായിരുന്നു പകരം ഒരു സ്റ്റാമിനയുള്ള ക്രോസ് കണ്ട്രി അത്ലറ്റിക് ആയിരുന്നു മനസ്സിലുണ്ടായിരുന്നത്. അത്തരത്തിലുള്ള ഒരു ചെറുപ്പക്കാരന്‍ വേറെ നഗരത്തില്‍ എത്തുന്നതും പിന്നീട് ഒരു പ്രശ്നത്തില്‍ പെടുന്നു. അവന്‍ വലിയ ഓട്ടക്കാരനായതുകൊണ്ട് തന്നെ അവനെ ആര്‍ക്കും പിടിക്കാന്‍ കഴിയുന്നില്ല, അങ്ങനെയൊരു കഥ വികസിപ്പിച്ചെടുത്തതാണ് ആദി. പക്ഷെ ആ സിനിമയ്ക്ക് അത്തരത്തില്‍ ബോഡിയുള്ള ഒരു പയ്യന്‍ ആവശ്യമായിരുന്നു. അന്നൊന്നും ആ കഥ നടന്നില്ല, പിന്നീടാണ് പ്രണവിലേക്ക് എത്തുന്നത്.- ജീത്തു പറഞ്ഞു.

ഒരു ചിത്രം ഹിറ്റായാലോ നല്ലൊരു സിനിമയുടെ പ്രദര്‍ശന സമയത്തോ കോപ്പിയടി വിവാദവുമായി വരുന്നവരുണ്ടെന്ന് പാപനാശം ചെയ്യുന്ന സമയത്ത് കമല്‍ഹാസന്‍ സാര്‍ പറഞ്ഞിരുന്നു. അത് ചെറിയ തരത്തിലായാലും എന്തെങ്കിലും സെറ്റില്‍മെന്റിന് വേണ്ടി വരുന്നവരുണ്ട്. അത് നമ്മള്‍ വിട്ടുകൊടുക്കരുത്. നമ്മള്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അതിനെതിരെ നില്‍ക്കണമെന്ന് സാര്‍ പറഞ്ഞിരുന്നു. പിന്നീട് ചര്‍ച്ചയ്ക്ക് എത്തിയ അവരോട് ഒരു സെന്റില്‍മെന്റും ചെയ്യില്ലെന്ന് ഞാന്‍ അറിയിച്ചു. കേസ് കോടതിയില്‍ എത്തട്ടെ അങ്ങനെയാണെങ്കില്‍ തരാം, ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്ക് വിശ്വാസമുണ്ടെന്ന് പറഞ്ഞു.- ജീത്തു ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി