അയ്യായിരം പേര്‍ക്ക് സൗജന്യ നേത്ര ശസ്ത്രക്രിയ; പണം നല്‍കിയത് 'തല' അജിത്ത്

വെള്ളിത്തിരയില്‍ മാത്രമല്ല നിത്യജീവിതത്തിലും മിന്നും താരമാണ് തമിഴ് നടന്‍ അജിത്ത് കുമാര്‍. അതിനാല്‍ തന്നെയാണ് ആരാധകര്‍ അദ്ദേഹത്തെ സ്നേഹപൂര്‍വം “തല” എന്ന് വിളിക്കുന്നത്. സിനിമ മാത്രമല്ല അജിത്തിന്റെ പ്രവര്‍ത്തനമേഖല. മറ്റുള്ളവരെ സഹായിക്കുന്നതിലും അജിത്ത് തത്പരനാണ്. ഇപ്പോഴിതാ 5000 പേര്‍ക്ക് കണ്ണിന്‍റെ ശസ്ത്രക്രിയയ്ക്കുള്ള പണം നല്‍കിയാണ് അജിത്ത് വാര്‍ത്തകളില്‍ നിറയുന്നത്.

ഗായത്രി എന്ന യുവതി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 5000 പേര്‍ക്ക് സൗജന്യമായി കണ്ണ് സര്‍ജറി നടത്തി. തല അജിത്താണ് ഇതിനുള്ള പണം നല്‍കിയത് എന്നാണ് പോസ്റ്റില്‍ പറയുന്നത്. അജിത്തിന്റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

രണ്ട് ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രങ്ങളുമായി 2019 അജിത്തിന് മികച്ച ഒരു വര്‍ഷമായിരുന്നു. ബോക്‌സ് ഓഫീസില്‍ 200 കോടി രൂപ നേടിയ, സിരുതൈ ശിവയുടെ “വിശ്വാസം” എന്ന ചിത്രത്തിലൂടെയാണ് തല ഈ വര്‍ഷം ആരംഭിച്ചത്. തുടര്‍ന്ന് എച്ച്.വിനോദിന്റെ “നേര്‍കൊണ്ട പാര്‍വൈ” എന്ന ചിത്രത്തിലൂടെയും തല വിജയം ആവര്‍ത്തിച്ചു.