മ്മടെ ഉല്ലാസ് മാഷ് യു സര്‍ട്ടിഫിക്കറ്റുള്ള സല്‍സ്വഭാവിയാണ്; 'നാല്‍പ്പത്തിയൊന്ന്' റിലീസ് തിയതി പ്രഖ്യാപിച്ചു

ബിജു മേനോനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന നാല്‍പ്പത്തിയൊന്ന് നവംബര്‍ 8 ന് തിയേറ്ററുകളിലെത്തും. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് “ക്ലീന്‍ യു” സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. കണ്ണൂരിന്റെ സാമൂഹിക പശ്ചാത്തലത്തില്‍ ശബരിമലയും ബന്ധപ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്. രാഷ്ട്രീയം ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ സിനിമയല്ലെന്ന് ലാല്‍ ജോസ് നേരത്തെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയത്തേക്കാള്‍ പ്രധാനപ്പെട്ട കാര്യമാണ് ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്.

സിഎസ് ഉല്ലാസ് കുമാര്‍ എന്ന ട്യൂട്ടോറിയല്‍ അധ്യാപകനായി ബിജു മേനോന്‍ എത്തുമ്പോള്‍ ചിത്രത്തി നായികയായി എത്തുന്നത് നിമിഷ സജയനാണ്. കോളജ് പഠനവും തുടര്‍ന്ന് ജോലി കിട്ടിയതിന് ശേഷവുമായി 2 വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് നിമിഷയുടെ കഥാപാത്രം സഞ്ചരിക്കുന്നത്. ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

പിജി പ്രഗീഷ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ബിജിബാല്‍ ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം എസ് കുമാറാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു വടക്കന്‍ സെല്‍ഫി, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ സിനിമകളുടെ സംവിധായകന്‍ ജി.പ്രജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. സിഗ്നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അനുമോദ് ബോസ്, ആദര്‍ശ് നാരായണ്‍ മനോജ് ജി കൃഷ്ണന്‍ എന്നിവരും പ്രജിത്തിനൊപ്പം നിര്‍മ്മതാക്കളായുണ്ട്.