'ഹൃദയം തകര്‍ക്കുന്നതാണ് ഈ വാര്‍ത്ത, ജീവിതം ക്രൂരമാണ്'; മീനയുടെ ഭര്‍ത്താവിന്റെ വിയോഗത്തില്‍ സിനിമാ ലോകം

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് സിനിമാ ലോകം. ശരത് കുമാര്‍, ഖുശ്ബു, വെങ്കിടേഷ്, ശ്വേതാ മേനോന്‍ തുടങ്ങി നിരവധി താരങ്ങളാണ് സോഷ്യല്‍മീഡിയയിലൂടെ ആദരാഞ്ജലികള്‍ അറിയിച്ച് രംഗത്ത് വന്നത്.

”രാവിലെ തന്നെ ഹൃദയം പിളര്‍ക്കുന്ന വാര്‍ത്ത. മീനയുടെ ഭര്‍ത്താവ് സാഗര്‍ ഇനിയിലിലെന്ന സത്യം ഉള്‍ക്കൊള്ളാനാകുന്നില്ല. വര്‍ഷങ്ങളായി ശ്വാസകോശ രോഗങ്ങള്‍ക്കു ചികിത്സ തേടുന്നുണ്ടായിരുന്നു. മീനയ്ക്കും അവളുടെ മകള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു. ജീവിതം ക്രൂരമാണ്. വാക്കുകള്‍ കിട്ടുന്നില്ല”എന്നാണ് ഖുശ്ബു ട്വീറ്റ് ചെയ്തത്.

 

”നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ ആകസ്മിക വിയോഗ വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്, മീനയ്ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയംഗമമായ അനുശോചനം, അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു”, എന്നായിരുന്നു ശരത് കുമാര്‍ കുറിച്ചത്.

 

കഴിഞ്ഞ ദിവസമായിരുന്നു കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാസാഗര്‍ അന്തരിച്ചത്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഏതാനം ദിവസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അണുബാധ രൂക്ഷമായതിനെ തുടര്‍ന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു.