കാണികളെ ത്രില്ലടിപ്പിച്ച് 'ക്യാബിന്‍'

സാലിഹ് റാവുത്തര്‍

നവാഗതസംവിധായകനായ പുലരി ബഷീര്‍ എഴുതി സംവിധാനം ചെയ്ത കാബിന്‍ ഇന്നലെ റിലീസ് ചെയ്തു. കോവിഡ് രണ്ടാം ലോക്ക് ഡൗണിനുശേഷം ആദ്യം തീയറ്റര്‍ തുറന്ന ദിവസം പുറത്തിറങ്ങിയ ചിത്രങ്ങളിലൊന്നായ ക്യാബിന്‍ പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല.

ഗുഡല്ലൂരുള്ള തോട്ടത്തിലെ ഉദ്യോഗസ്ഥനായ ശങ്കരന് റിട്ടയര്‍മെന്റിനുശേഷം അവിടെത്തന്നെ തുടരാന്‍ പല കാരണങ്ങളുണ്ടെങ്കിലും ഭാര്യയെയും മകളെയും കൂട്ടി നാട്ടിലേക്ക് പോകാനാണ് അയാള്‍ തീരുമാനിക്കുന്നത്. വാഹനസൗകര്യമില്ലാത്തതിനാല്‍ കിട്ടിയ ലോറിയില്‍ യാത്രചെയ്യാന്‍ തീരുമാനിക്കേണ്ടിവരുന്നു. പരുക്കനായ ലോറി ഡ്രൈവറെ അത്ര ബോധിച്ചില്ലെങ്കിലും അവര്‍ക്ക് മറ്റു മാര്‍ഗ്ഗമില്ലായിരുന്നു

ജീവിതത്തില്‍ അടുക്കും ചിട്ടയുമില്ലാത്ത ദുശ്ശീലങ്ങള്‍ കൊണ്ടുനടക്കുന്ന ലോറി ഡ്രൈവറാണ് ദേവരാജ്. അപ്രതീക്ഷിതമായി അയാള്‍ക്ക് ഏറ്റെടുക്കേണ്ടിവരുന്ന ഒരു ദൗത്യം കൊണ്ടുചെന്നെത്തിക്കുന്ന പാതകള്‍ അപ്രതീക്ഷിത ക്ലൈമാക്‌സിലെത്തിക്കുന്നു.

പരിണതപ്രജ്ഞരായ ജോയ് മാത്യു, മാമുക്കോയ, ജാഫര്‍ ഇടുക്കി ഇവരോടെല്ലാം കിടനില്‍ക്കുന്ന അഭിനയപ്രകടനമാണ് കേന്ദ്രകഥാപാത്രമായ ദേവരാജിനെ അവതരിപ്പിക്കുന്ന പ്രിന്‍സ് ഊട്ടി കാഴ്ചവെക്കുന്നത്. അമ്മയോടൊത്തും ട്രാന്‍സ്‌ജെന്ററായ സുഹൃത്തിനോടുമെല്ലാം അയാളുടെ നിമിഷങ്ങള്‍ തികഞ്ഞ സ്വാഭാവികതയുള്ളതാണെന്നു കാണാം.

മോഹവലയത്തില്‍പ്പെടുന്ന ഒരാള്‍ ചെയ്തുകൂട്ടുന്നത് പലപ്പോഴും സമൂഹത്തിന് അലോസരമാകാറുണ്ട്. അയാളുടെ കണ്ണില്‍ക്കൂടി നോക്കിയാല്‍ അത് തെറ്റല്ല താനും. ഈ രണ്ട് ദൃഷ്ടികോണുകളെയും സമഭാവനയോടെ കൊണ്ടുപോകുന്നതില്‍ തിരക്കഥ വിജയിക്കുന്നു.

വില്ലനായി ചിത്രത്തിലുടനീളം സങ്കല്‍പ്പിക്കുന്ന മറ്റൊരു കഥാപാത്രത്തിന്റെ ചുറ്റുപാടുകള്‍ ആവര്‍ത്തിച്ച് സ്‌ക്രീനില്‍ വരുന്നതിന്റെ സാംഗത്യത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് സംശയം ജനിച്ചേക്കാം. എന്നാല്‍ കഥ ചുറ്റിവരുന്ന വഴി ക്ലൈമാക്‌സില്‍ ചേരുമ്പോള്‍ ഒരു സീന്‍ പോലും സിനിമയില്‍ അസ്ഥാനത്ത് ചേര്‍ത്തിട്ടില്ല എന്ന് മനസ്സിലാകുന്നു. അതാണ് ചിത്രത്തെക്കുറിച്ച് എടുത്തുപറയാവുന്ന പ്രത്യേകത. അതുകൊണ്ടുതന്നെ ക്ലൈമാക്‌സിലെത്തുമ്പോള്‍ പ്രേക്ഷകര്‍ കൈയടിയോടെയാണ് സ്വീകരിക്കുന്നത്.

Read more

ലൈസ തെരേസ നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ബോറാ ബാലഭരണിയാണ്. റെഡ് വൈന്‍, മംഗ്ലീഷ് ചിത്രങ്ങളുടെ സംവിധായകനായ സലാംബാപ്പു ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഷിയാസ് കരീം. ധനം കോവൈ, അംബികാ മോഹന്‍, നീനാ കുറുപ്പ്, കൈലാസ്, റോണാ ജോ, അക്ഷതാ വരുണ്‍ തുടങ്ങിവരാണ് മറ്റ് അഭിനേതാക്കള്‍.
ഗാനരചന: ജോ പോള്‍, കൃഷ്ണകുമാര്‍, ഷഹീറാ നസീര്‍. സംഗീതം: ഹിഷാം അബ്ദുള്‍ വഹാബ്.