200+ റിലീസ് കേന്ദ്രങ്ങള്‍, പ്രണവിന്റെ ആദി തരംഗമാകും

പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി എത്തുന്ന ആദിയുടെ റിലീസ് ജനുവരി 26നാണ്. തുടക്കക്കാരനായ ഒരു നായക നടന് ലഭിക്കാവുന്ന ഏറ്റവും വലിയ വൈഡ് റിലീസാണ് ആദിയ്ക്ക് ലഭിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ മകന്‍ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്നതും ജീത്തു ജോസഫിന്റെ സിനിമ എന്നതുമാണ് ആദിയെക്കുറിച്ചുള്ള ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്നത്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആന്റണി പെരുമ്പാവൂരാണ്. വിതരണം മാക്‌സ് ലാബ്‌സാണ്.

ആദിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍, ഫസ്റ്റ് ലുക്ക് ടീസര്‍, ആദ്യഗാനം എന്നിവ സോഷ്യല്‍ മീഡിയയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. ചിത്രത്തെക്കുറിച്ച് ഇതുവരെ നെഗറ്റീവുകള്‍ ഒന്നും പ്രചരിക്കാത്ത സാഹചര്യത്തില്‍ ആദ്യദിവസം തന്നെ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

അതിഥി രവി, അനുശ്രീ, ഷറഫുദ്ദീന്‍, ലെന, സിജു വില്‍സണ്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ ഹിറ്റ് സിനിമയായ നരസിംഹം പ്രദര്‍ശനത്തിന് എത്തിയ അതേ ദിവസം തന്നെയാണ് ആദിയും പ്രദര്‍ശനത്തിന് എത്തുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.