രാവിലെ എഴുന്നേറ്റപ്പോഴാണ് ഞാന്‍ ഇക്കാര്യം ഓര്‍ക്കുന്നത്, എന്റെ ഈ പ്രണയകഥ ഒരിക്കലും അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു: സാമന്ത

സിനിമയില്‍ എത്തിയിട്ട് 12 വര്‍ഷമായെന്ന് നടി സാമന്ത. സിനിമയുമായുള്ള തന്റെ പ്രണയകഥ ഒരിക്കലും അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിശ്വസ്തരായ ആരാധകരെ ലഭിച്ചതില്‍ നന്ദിയുണ്ടെന്നും സാമന്ത സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

”രാവിലെ എഴുന്നേറ്റപ്പോഴാണ് ഞാന്‍ സിനിമയില്‍ എത്തിയിട്ട് പന്ത്രണ്ട് വര്‍ഷം പൂര്‍ത്തിയായെന്ന കാര്യം ഓര്‍ക്കുന്നത്. ലൈറ്റുകള്‍, ക്യാമറ, ആക്ഷന്‍, സമാനതകളില്ലാത്ത നിമിഷങ്ങള്‍ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഓര്‍മകളുടെ 12 വര്‍ഷമാണ് പൂര്‍ത്തിയായത്.”

”ഈ അനുഗൃഹീത യാത്രയും ലോകത്തിലെ ഏറ്റവും മികച്ച, വിശ്വസ്തരായ ആരാധകരെയും നേടിയതിന് ഞാന്‍ നന്ദിയുള്ളവളാണ്! സിനിമയുമായുള്ള എന്റെ പ്രണയകഥ ഒരിക്കലും അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു” എന്നാണ് സാമന്ത കുറിച്ചിരിക്കുന്നത്.

2010ല്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്ത യേ മായേ ചേസാവേ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സമാന്ത അഭിനയ രംഗത്തെത്തിയത്. അല്ലു അര്‍ജുന്‍ നായകനായ പുഷ്പയിലെ ഒരു ഗാനരംഗത്തിലാണ് നടി ഏറ്റവുമൊടുവില്‍ പ്രത്യക്ഷപ്പെട്ടത്.

വിഗ്നേശ് ശിവന്‍ ഒരുക്കുന്ന കാതുവാക്കുല രണ്ട് കാതല്‍ ആണ് സാമന്തയുടെതായി റിലീസിന് ഒരുങ്ങുന്നത്. വിജയ് സേതുപതി നായകനായ ചിത്രത്തില്‍ നയന്‍താരയാണ് മറ്റൊരു നായിക. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ശാകുന്തളം ആണ് സാമന്തയുടെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം.