സിനിമയില്‍ താരസിംഹാസനം ഉറപ്പിക്കാന്‍ മോഹന്‍ലാലിനെ സഹായിച്ച പത്ത് സിനിമകള്‍

കണ്ണുകളില്‍പോലും അഭിനയം നിറഞ്ഞൊഴുകുന്ന നടനാണ് മോഹന്‍ലാല്‍. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലൂടെ മലയാളി പ്രേക്ഷകരുടെ മുന്നിലേക്കെത്തിയ താരം കഥാപാത്രങ്ങളുടെ സൂക്ഷ്മസവിശേഷതകള്‍പോലും ഉള്ളിലേക്കാവാഹിച്ചുകൊണ്ടാണ് അഭിനയിക്കാറുള്ളത്. അതുതന്നെയാവാം എത്രകാലം കഴിഞ്ഞാലും മോഹന്‍ലാല്‍ അവതരിപ്പിച്ച വേഷങ്ങള്‍ ഒരിക്കലും മറന്ന് പോകാത്തവിധം പ്രേക്ഷകരോടടുത്ത് നില്‍ക്കാനുള്ള കാരണവും.
മോഹന്‍ലാലിന്റെ കരിയറിലെ ഒഴിച്ചുകൂടാനാകാത്ത സിനിമകളില്‍ 10 സിനിമകള്‍ പരിശോധിക്കാം.

രാജാവിന്റെ മകന്‍ 1986

1986-ല്‍ പ്രദര്‍ശനത്തിനിറങ്ങിയ ചിത്രമാണ് രാജാവിന്റെ മകന്‍. തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, രതീഷ്, സുരേഷ് ഗോപി, അംബിക എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച ചിത്രം ഷാരോണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാബു കണ്ണന്താനം നിര്‍മിച്ചിരിക്കുന്നു. ഡെന്നീസ് ജോസിന്റേതാണ് തിരക്കഥയും സംഭാഷണവും. 1986-ലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക വിജയം സ്വന്തമാക്കിയ ചിത്രമായ രാജാവിന്റെ മകന്‍, മോഹന്‍ലാല്‍ എന്ന അഭിനേതാവിനെ സൂപ്പര്‍ സ്റ്റാര്‍ നായകപദവിയിലേക്ക് ഉയര്‍ത്തിയ ചിത്രം കൂടിയാണ്.

ഇരുപതാം നൂറ്റാണ്ട് 1987

എസ്.എന്‍. സ്വാമി തിരക്കഥയൊരുക്കി കെ. മധു സംവിധാനം നിര്‍വഹിച്ച ചിത്രമായ ഇരുപതാം നൂറ്റാണ്ട് 1987 ല്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍, സുരേഷ് ഗോപി, ജഗതി ശ്രീകുമാര്‍, അംബിക, ഉര്‍വശി എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. സുനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. മണി നിര്‍മ്മിച്ച ചിത്രമാണിത്.

നാടോടിക്കാറ്റ് 1987

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ശ്രീനിവാസന്‍, ശോഭന തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളിലഭിനയിച്ച്, 1987-ല്‍ പുറത്തിറങ്ങിയ സിനിമയാണ് നാടോടിക്കാറ്റ്. ശ്രീനിവാസന്‍ തിരക്കഥയെഴുതിയ ഈ ചിത്രത്തിലെ ദാസന്‍-വിജയന്‍ കഥാപാത്രങ്ങള്‍ പില്‍ക്കാലത്ത് ഏറെ പ്രശസ്തമായി.

കേരളത്തെ ബാധിച്ചുകൊണ്ടിരുന്ന തൊഴിലില്ലായ്മയും ദാരിദ്ര്യവും മികച്ച തിരക്കഥയില്‍ നര്‍മ്മോക്തിയിലൂടെ ആവിഷ്‌കരിച്ചതാണ് നാടോടിക്കാറ്റ് എന്ന ചിത്രത്തിന് വലിയ വിജയം നേടിക്കൊടുത്തത്. സത്യന്‍ അന്തിക്കാടിന്റെതന്നെ സിനിമയായ പട്ടണപ്രവേശം, പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അക്കരെയക്കരെയക്കരെ എന്നിവ നാടോടിക്കാറ്റിന്റെ രണ്ടും മൂന്നും ഭാഗങ്ങളായി പുറത്തിറങ്ങിയിരുന്നു.

ചിത്രം 1988

1988ല്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയാണ് ചിത്രം. മോഹന്‍ലാല്‍, രഞ്ജിനി, നെടുമുടി വേണു, ശ്രീനിവാസന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ കഥയെ ആസ്പദമാക്കി ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍തന്നെയാണ്. മോഹന്‍ലാല്‍ അവതരിപ്പിച്ച വിഷ്ണു എന്ന കഥാപാത്രം പ്രേക്ഷകരില്‍ നൊമ്പരമായി മാറുകയായിരുന്നു. മലയാളത്തിലെ ജനപ്രീതിനേടിയ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി ഈ സിനിമ കണക്കാക്കപ്പെടുന്നു.

കിരീടം 1989

ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സിനിമയാണ് കിരീടം. 1989ലാണ് സിനിമ പുറത്തിറങ്ങിയത്. സിനിമയിലെ കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായരേയും മകന്‍ സേതുമാധവനേയും ആരും മറന്നുകാണാന്‍ വഴിയില്ല. കിരീടത്തിലെ ചില ഡയലോഗുകള്‍ തമാശക്കെങ്കിലും ആളുകള്‍ ഇപ്പോഴും പറയാറുണ്ട്.

സേതുമാധവന്റെ ഏകാന്തതയും, നിസ്സഹായാവസ്ഥയും, ജീവിതസംഘര്‍ഷങ്ങളും അന്നും ഇന്നും പ്രേക്ഷകരെ അസ്വസ്ഥമാക്കുന്നതാണ്. കിരീടത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ പ്രത്യേക ജൂറി പുരസ്‌കാരം ലഭിക്കുകയുണ്ടായി. ഈ ചിത്രം പിന്നീട് തമിഴ്, ഹിന്ദി ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടു.

ദേവാസുരം 1993

രഞ്ജിത്ത് തിരക്കഥയെഴുതി, ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രമാണ് 1993 ല്‍് പുറത്തിറങ്ങിയ ദേവാസുരം. മോഹന്‍ലാല്‍, നെപ്പോളിയന്‍, രേവതി, ഇന്നസെന്റ്, നെടുമുടി വേണു എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു. മലയാളസിനിമാചരിത്രത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നാണ് ദേവാസുരം. 2001ല്‍ രഞ്ജിത്ത് ഒരുക്കിയ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭു എന്ന ചിത്രവും വന്‍ വിജയമായിരുന്നു.

സ്ഫടികം 1995

1995ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സ്ഫടികം. ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആടുതോമ എന്ന നായക കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. സ്ഫടികത്തിലൂടെയാണ് നടന്‍ ജോര്‍ജ്ജ് വില്ലനായി അരങ്ങേറ്റം കുറിച്ചത്. സ്ഫടികത്തിലെ കഥാപാത്രത്തിന്റെ വിജയത്തെത്തുടര്‍ന്ന് അദ്ദേഹം പിന്നീട് സ്ഫടികം ജോര്‍ജ്ജ് എന്നറിയപ്പെട്ടു.

തിലകന്‍, രാജന്‍ പി. ദേവ്, ഇന്ദ്രന്‍സ്, ഉര്‍വ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സില്‍ക്ക് സ്മിത എന്നിങ്ങനെ പ്രഗല്‍ഭരായ താരനിര തന്നെ ഈ ചിത്രത്തിലുണ്ടായിരുന്നു. സ്ഫടികത്തിലെ തിലകന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ഉജ്ജ്വലമായ അഭിനയം സിനിമയെ ബോക്‌സ് ഓഫീസ് ഹിറ്റാക്കിത്തീര്‍ത്തു. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്.

നരസിംഹം 2000

2000ത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രമാണ് നരസിംഹം. അന്ന് മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടി കൊടുത്ത സിനിമ എന്ന റെക്കോര്‍ഡ് നരസിംഹം സ്വന്തമാക്കി. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍ ഇന്ദുചൂഢന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. 100 ദിവസങ്ങളില്‍ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട നരസിംഹത്തിലെ പാട്ടുകളും വലിയ ജനപ്രീതി നേടി.

നരന്‍ 2005

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ 2005-ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ‘നരന്‍’. ജോഷി സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂര്‍ ആണ്. മുള്ളന്‍കൊല്ലി എന്ന ഗ്രാമത്തിലെ വേലായുധന്‍ എന്ന നല്ലവനായ ചട്ടമ്പി കഥാപാത്രമായി മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. മധു, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, ദേവയാനി, ഭാവന, എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം പകര്‍ന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും മലയാളികളുടെ ആഘോഷവേളകളില്‍ വ്യാപകമാണ്.

പുലിമുരുകന്‍ 2016

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് പുലിമുരുകന്‍. വനത്തില്‍ പുലികളുമായി ഏറ്റുമുട്ടി നാടുകാക്കുന്ന മുരുകന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉദയകൃഷ്ണ തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഷാജികുമാറാണ്.

സിനിമയില്‍ ഫൈറ്റ് മാസ്റ്റര്‍ പീറ്റര്‍ ഹെയിന്‍ ഒരുക്കിയ ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകരെ ആവേശംകൊള്ളിച്ചു. 2016ല്‍ പ്രദര്‍ശനത്തിനെത്തിയ പുലിമുരുകന്‍ ആകെ 152 കോടിയോളം രൂപ ആഗോളതലത്തില്‍ നേടി. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും പുറത്തിറക്കിയിട്ടുണ്ട്.

80ളിലും 90കളിലുമെല്ലാം ഒട്ടനവധി ചിത്രങ്ങള്‍ ചെയ്ത മോഹന്‍ലാലിന്റെ കരിയറിലെ 10 സിനിമകള്‍ മാത്രം തിരഞ്ഞെടുക്കുക വലിയ പ്രയാസമുള്ള കാര്യമാണ്. ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച അദ്ദേഹം മലയാളത്തിന്റെ നടനവിസ്മയം എന്ന ഖ്യാതിക്ക് ഇന്നും അര്‍ഹനാണ്.

ആറാംതമ്പുരാന്‍, കാലാപാനി, ദേവദൂതന്‍, വന്ദനം, ഭ്രമരം, ഭരതം, കമലദളം, ഹിസ് ഹൈനസ് അബ്ദുള്ള, ലാല്‍സലാം, ഏയ് ഓട്ടോ, വരവേല്‍പ്പ്, തൂവാനത്തുമ്പികള്‍, എന്നിങ്ങനെ തുടങ്ങി 100 കോടി ക്ലബ്ബില്‍ കയറിയ ആദ്യ മലയാള സിനിമയായ പുലിമുരുകന്‍ വരെ മോഹന്‍ലാല്‍ മോളിവുഡിനു സമര്‍പ്പിച്ചു.

അഭിനയം കൊണ്ടും ജനപ്രീതികൊണ്ടും എണ്ണമറ്റ സിനിമകളുടെ ഭാഗമായ മോഹന്‍ലാല്‍ എന്ന നടന്‍ തന്റെ താരപരിവേഷത്തെ വാണിജ്യപരമായും ഉപയോഗപ്പെടുത്തുന്ന താരമാണ്. ദൃശ്യം 1, 2 ഭാഗങ്ങള്‍, ഒടിയന്‍, കുഞ്ഞാലിമരക്കാര്‍, ലൂസിഫര്‍ തുടങ്ങി ഈ അടുത്തകാലത്തിറങ്ങിയ ചിത്രങ്ങളിളെല്ലാം വാണിജ്യ സിനിമകളായിരുന്നു.

അഭിനയിക്കുമ്പോള്‍ ഉന്മാദാവസ്ഥയിലെത്തുന്ന നടനാണ് മോഹന്‍ലാലെന്ന് പല സംവിധായകരും മുമ്പ് പറഞ്ഞിട്ടുണ്ട്. സിനിമയില്‍ സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും നിര്‍ദേശങ്ങള്‍ക്കപ്പുറം കഥാപാത്രങ്ങള്‍ക്ക് സ്വന്തമായൊരു മാനം നല്‍കി അഭിനയിക്കാന്‍ കഴിവുള്ള പ്രതിഭകൂടിയാണ് അദ്ദേഹം.