പാ രഞ്ജിത്തിന്റെ മോദി ആൻഡ് എ ബിയർ: ആധിപത്യങ്ങളുടെ സൂക്ഷ്മരാഷ്ട്രീയം

സനൽ ഹരിദാസ്

ദിന ചന്ദ്ര മോഹനിന്റെ സംവിധാനത്തില്‍, പാ രഞ്ജിത്തിന്റെ “നീലം പ്രൊഡക്ഷന്‍സ്” അവതരിപ്പിച്ച “Modi and a beer” എന്ന ഹ്രസ്വ ചിത്രം ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് യുട്യൂബില്‍ റിലീസ് ചെയ്യപ്പെട്ടത്.(2020 June 01 ). മിശ്രവിവാഹത്തിന് ഒരുങ്ങിയിരിക്കുന്ന (വീട്ടുകാരുടെ സമ്മതത്തോടെ തന്നെ) ശ്രുതി,അരുണ്‍ എന്നീ കമിതാക്കളുടെ സംഭാഷണത്തിലൂടെയാണ് ഈ ചിത്രം അതിന്റെ രാഷ്ട്രീയത്തെ പ്രമേയവല്‍ക്കരിക്കുന്നത്. ചിത്രത്തിന്റെ ആദ്യവും അവസാനവും ഇതേ സംഭാഷണത്തില്‍ തന്നെയാണ്. ശ്രുതിയുടെ ആവശ്യപ്രകാരം മദ്യപാനം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്ന അരുണ്‍, അവളോടൊപ്പം തന്നെ തന്റെ അവസാന ബിയര്‍ നുണയുന്നിടത്താണ് ഇതിന്റെ പശ്ചാത്തലം രൂപപ്പെടുന്നത്. ഈ സംഭാഷണം വികാസം പ്രാപിക്കുന്നതാകട്ടെ, അധിപത്യപരമായ വടം വലികളിലേക്കാണ്.

തമിഴ് ബ്രാഹ്മണ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന നായികക്ക് ഒ.ബി.സി. വിഭാഗത്തില്‍പ്പെടുന്ന നായകനുമേലുള്ള സ്വാധീന വലയം ഈ ആദ്യ ദൃശ്യങ്ങള്‍ തന്നെ പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്നുണ്ട്. (വിവാഹത്തിനായി നടത്തുന്ന മദ്യവര്‍ജ്ജനം – സ്വയം പരിവര്‍ത്തനം). ബിയറിനൊപ്പം കഴിക്കാന്‍ ഭക്ഷണം തിരഞ്ഞെടുക്കുന്ന ഘട്ടത്തില്‍ നായികയുടെ അനിഷ്ടം കണക്കിലെടുത്തുക്കൊണ്ട് ബീഫ് ഒഴിവാക്കുന്ന നായകനെയും തുടക്കത്തില്‍ത്തന്നെ കാണാനാകും. (അവളത് അവിടെ വാക്കാല്‍ തടുക്കുന്നില്ലെങ്കില്‍ പോലും.)

“വ്യവസ്ഥകളെ അലിയിക്കുന്നു എന്നതാണ് മദ്യത്തിന്റെ ഒരു ഗുണം. ആലോചിച്ച് അസത്യം പറയാനാകാത്ത ഒരവസ്ഥ അതുണ്ടാക്കുന്നു. സമുദായത്തിന്റെ ശിഥില സത്യം അങ്ങനെ വിളിച്ചു പറയുന്നതുകൊണ്ടാണ് മദ്യശാലകള്‍ മാന്യതയില്‍ നിന്നും നൂറ് മീറ്റര്‍ അകലെയായിരിക്കണം എന്ന് നാം ശഠിക്കുന്നത്. സത്യം പോലെ അപ്രിയമായി നമുക്കെന്തുണ്ട്” -: മദ്യത്തെയും മദ്യപാനത്തെയും മദ്യപനെയും സമൂഹത്തെയും സത്യത്തേയുമെല്ലാം സ്പര്‍ശിക്കുന്ന ഈ വാചകങ്ങള്‍ മലയാള ചിന്തകരിലെ അതികായരിലൊരാളായ പ്രൊഫ. എം. എന്‍. വിജയന്റേതാണ്. ഉള്ളുരുക്കത്തിലേക്കും ഹ്രസ്വവിമോചനത്തിലേക്കും നയിക്കുന്നതിനുള്ള മദ്യത്തിന്റെ ഈ ശേഷിയെക്കൂടി പരിഗണിച്ചുകൊണ്ടു മാത്രമേ ഈ ചിത്രത്തെ സംബന്ധിച്ച് പറയാനിരിക്കുന്ന ഭൂരിഭാഗത്തേയും വിലയിരുത്താനാകൂ. സൂക്ഷ്മ രാഷ്ട്രീയ വായനകള്‍ക്ക് കളമൊരുക്കുന്ന ഈ സംഭാഷണത്തിന്റെ ചാലക ശക്തിയായി പ്രവര്‍ത്തിക്കുന്നത് ആല്‍ക്കഹോള്‍ ആണെന്നും ഒരു പടികൂടി കടന്ന് പറയാന്‍ കഴിയും. അരുണിന്റെ സംഭാഷണങ്ങളിലെ തര്‍ക്കവിഷയങ്ങളെ പലകുറി അവഗണിച്ചും ശാസിച്ചും അതിന് അന്ത്യം കുറിക്കാന്‍ ശ്രമിക്കുന്ന ശ്രുതിയെ പരാജയപ്പെടുത്തുന്നതും അരുണിനെ സംയമനത്തിന് (സമരസപ്പെടലിന്) അശക്തനാക്കുന്നതും ലഹരിയുടെ വിമതത്വോല്‍പ്പാദനം തന്നെയാണ്.

മദ്യപാനം ആരംഭിച്ചതിനു ശേഷം അല്പനേരത്തിനകം തന്നെ നായകന്റെ ആന്തരിക വ്യക്തിത്വം ഇവിടെ വെളിപ്പെട്ടു തുടങ്ങുന്നുണ്ട്. “ഇത് തന്റെ അവസാനത്തെ ആല്‍ക്കഹോള്‍ ഉപയോഗമാണെന്നും ഇനി മേലില്‍ ഇതുണ്ടാകില്ലെന്നും ആണയിടുന്ന അരുണിനെ ശ്രുതി ഫോണില്‍ പകര്‍ത്തുന്നു. ഈ ദൃശ്യം കാണാന്‍ അയാള്‍ ആവശ്യപ്പെടുന്നതനുസരിച്ചു തന്നെ തന്റെ ഫോണ്‍ ശ്രുതി അവനെയേല്‍പ്പിക്കുന്നു. എന്നാല്‍ ദൃശ്യം കണ്ടു കഴിഞ്ഞതിനു ശേഷവും അവന്‍ ഫോണില്‍ പരതല്‍ തുടരുകയാണ്. അവള്‍ അവനെ അതിനനുവദിക്കുന്നുമില്ല. സ്വകാര്യതാ സംബന്ധിയായ ഇതേ ഉദ്വേഗം സംഭാഷണത്തിന്റെ സങ്കീര്‍ണ്ണമായൊരു ഘട്ടത്തില്‍ അവന്‍ എടുത്തുപയോഗിക്കുന്നുണ്ട്. അവള്‍ മൂടിവയ്ക്കുന്ന/ മൂടിവയ്ക്കപ്പെടേണ്ടതെന്ന് വിശ്വസിക്കുന്ന സ്വന്തം സ്വകാര്യ ജീവിതത്തെ സദാചാരപരമായി ചോദ്യം ചെയ്യാന്‍ മുതിരുകയാണ് അരുണ്‍ ആ ഘട്ടത്തില്‍ ചെയ്യുന്നത്. അവളാകട്ടെ അതിനെ തന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമായും പുരോഗമന-സ്ത്രീപക്ഷ നാട്യങ്ങളുടെ കപടത വെളിപ്പെടലായും തിരിച്ചറിയുന്നു.

തങ്ങളുടെ രാഷ്ട്രീയത്തില്‍ പാതി മാത്രം പരുവപ്പെട്ട രണ്ടുപേരായാണ് സംവിധായകനും തിരക്കഥാകൃത്തുമായ ദിന ചന്ദ്ര ഇരു കഥാപാത്രങ്ങളെയും വിലയിരുത്തിക്കണ്ടതെങ്കില്‍പോലും മേല്‍പ്പറഞ്ഞ വിഷയത്തെ പാകപ്പെടലാല്‍ മാത്രം പരിഹരിക്കപ്പെടുന്ന ഒന്നായി കണക്കാക്കാനാവില്ല. സുന്ദരിയായ (പൊതു സൗന്ദ്യര്യബോധം, അഴകളവുകള്‍) ഒരു സ്ത്രീയുമായി അഗമ്യഗമനമുണ്ടായാല്‍ അത് ആരുമറിയുകയുമരുത്, അതേസമയം ആരോടെങ്കിലും പറയാതെ സംതൃപ്തിയുണ്ടാകുന്നുമില്ല:- എന്ന് പരിതപിക്കുന്നത് എസ്. ഹരീഷിന്റെ “ആദം” എന്ന സമാഹാരത്തിലെ ഒരു കഥാപാത്രമാണ്. സ്ത്രീ ശരീരം/സൗന്ദര്യം എന്നത് നമ്മുടെ സമൂഹത്തില്‍ സങ്കീര്‍ണ്ണമായ വ്യവഹാര വീഥികളെ ഉള്‍ക്കൊള്ളുന്ന ഒന്നാണെന്ന വസ്തുത ഇവിടെ പരിഗണനാവിഷയമാകുന്നു.

അന്റോണിയോ ഗ്രാംഷി മുന്നോട്ടുവച്ച “Cultural Hegemony” (സാംസ്‌കാരിക ആധിപത്യം) എന്ന ആശയവുമായി ബന്ധിപ്പിച്ചുക്കൊണ്ട് ഈ സങ്കീര്‍ണ്ണതകളെ ഒരു പരിധിവരെ കെട്ടഴിക്കാവുന്നതാണ്. സമൂഹത്തില്‍ ആധിപത്യം പുലര്‍ത്തുന്ന പ്രത്യയശാസ്ത്രം അധീശ വിഭാഗത്തിന്റെ വിശ്വാസങ്ങളെയും താല്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു എന്ന മാര്‍ക്‌സിയന്‍ പരികല്‍പനയുടെ പരിണിത രൂപമെന്ന നിലയിലാണ് ഗ്രാംഷി “സാംസ്‌കാരിക ആധിപത്യം” എന്ന ആശയത്തെ മുന്നോട്ടു വയ്ക്കുന്നത്. സാമൂഹിക സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യപ്പെടുന്ന മൂല്യങ്ങള്‍, പെരുമാറ്റച്ചട്ടങ്ങള്‍, ആശയങ്ങള്‍, അഭിലാഷങ്ങള്‍, എന്നിവ അധീശ വിഭാഗത്തിന്റെ ബൗദ്ധിക സമ്മര്‍ദ്ദോപാധികളായി സമൂഹത്തില്‍ പ്രവര്‍ത്തിച്ചു പോരുന്നതായും അധീര വിഭാഗത്തിന്റെ ലോക വീക്ഷണത്തെ നട്ടു നനച്ചുകൊണ്ട് സാംസ്‌കാരികാധിപത്യം എന്ന പ്രവര്‍ത്തനം നിലനില്‍പ്പു തുടരുന്നതായുമാണ് ഗ്രാംഷി ഈ സിദ്ധാന്തത്തിലൂടെ വിശദീകരിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്നത്. ഇതര മാര്‍ക്‌സിയന്‍ വിശകലനോപാധികളില്‍ നിന്നും വിരുദ്ധമായി ലോകമാനമായ സാമാന്യത അവകാശപ്പെടാവുന്ന ഒരു ആശയമാണിതെന്നു പറയാം. കേരളത്തിന്റെ പൊതുവായ വേഷം, ഭക്ഷണം,കല,ഉത്സവങ്ങള്‍,ചിഹ്നങ്ങള്‍ എന്നിവയെ വിമര്‍ശനവിധേയമാക്കുന്ന പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ രചനകളിലും ഈ ഗ്രാംഷിയന്‍ വിശകലന മാതൃകയുടെ സമാനതകള്‍ കാണാന്‍ സാധിക്കും. സെറ്റു മുണ്ടും സെറ്റു സാരിയും മലയാളിയുടെ “പൊതു” വേഷമാകുന്നതും സദ്യ പൊതുഭക്ഷണമാകുന്നതുമെല്ലാം എങ്ങനെ, അവ സത്യത്തില്‍ ആരുടേതാണ്/ ആയിരുന്നു എന്ന നിലയിലാണ് പാമ്പിരിക്കുന്നില്‍ അത് വികസിച്ചു കാണുന്നത്. പൊതുവല്‍ക്കരണങ്ങളുടെ സാംസ്‌കാരികയുക്തി ആധിപത്യപരമാണെന്നും അദ്ദേഹം വിശദീകരിക്കുന്നതായി കാണാം.

ഇതേ നിലയില്‍ തന്നെ സമൂഹത്തില്‍ സമ്മര്‍ദ്ദം ചെലുത്തിപ്പോരുന്ന ഒന്നായ “ആധിപത്യ സൗന്ദര്യബോധം” എന്നതിനെയാണ് ഇവിടെ പ്രശ്‌നവല്‍ക്കരിക്കേണ്ടത്. അതുമായി തട്ടിച്ചു നോക്കി മാത്രമേ കീഴാള പുരുഷന്റെ സവര്‍ണാധിഷ്ഠിതമായ അരക്ഷിതാവസ്ഥകളെ (അതില്‍ നിന്നും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ജനാധിപത്യ/ സ്ത്രീ വിരുദ്ധതകളെയും) വിചാരണ ചെയ്യാനാവൂ. സവര്‍ണ്ണ സൗന്ദര്യം സമൂഹത്തിന്റെ പൊതു സൗന്ദര്യമായി നിലനില്‍ക്കുന്ന ഒരിടത്ത് അത്തരം അകാരങ്ങള്‍ക്കകത്തു നില്‍ക്കുന്ന ഒരാള്‍ “അമൂല്യമായ” എന്തോ ഒന്നാണെന്നുവരുന്നുണ്ട്. ആയതിനാല്‍ തന്നെ അത് ഏതു നിമിഷവും അപഹരിക്കപ്പെടാവുന്ന ഒന്നാണെന്നും .ഒരിക്കല്‍ ഒന്ന് നഷ്ടപ്പെട്ടാല്‍ അതേ നിലയിലുള്ള മറ്റൊന്ന് നേടിയെടുക്കുക ശ്രമകരമാണെന്ന വിധേയത്വപരമായ അരക്ഷിതാവസ്ഥ (Insecurity ) കീഴാള പുരുഷന്റെ സ്വകാര്യതാ വിരുദ്ധവും മാന്യതാബാഹ്യവുമായ പെരുമാറ്റ വൈചിത്ര്യങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്ന് ന്യായമായും കരുതാവുന്നതാണ്. പൊതു സ്വകാര്യതയുമായി ബന്ധപ്പെട്ട പുരുഷ ബോധവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ജയമോഹന്റെ “നൂറു സിംഹാസനങ്ങള്‍” എന്ന നോവലിലെ നായകനില്‍ പങ്കാളീകേന്ദ്രിതവും സാമൂഹികാധിഷ്ഠിതവുമായ ഈ പ്രതിസന്ധി തെളിഞ്ഞു കാണാനാകും. വര്‍ഗ്ഗപരമായും സാമൂഹികമായും ഉയര്‍ന്ന കീഴാള നായകന്‍ ഒരു മേല്‍ജാതി സ്ത്രീയെ പങ്കാളിയായി തിരഞ്ഞെടുക്കുന്നത് തന്റെ “സാംസ്‌കാരിക” നിലകൂടി മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ നോവലില്‍. ഒരു സവര്‍ണ്ണ സ്ത്രീയെ “സ്വന്തമാക്കുന്ന” തിലൂടെ സമൂഹത്തിലുണ്ടാകുന്ന അപരാധിഷ്ഠിതമായ “ഉയര്‍ച്ച” ഈ ചിത്രത്തിലും പ്രച്ഛന്നമായി അന്തര്‍ഭവിക്കുന്നുണ്ട്. ആ നിലയില്‍ നായകന്റെ “തിരഞ്ഞെടുപ്പിന്” ഒരു സാമൂഹിക മാനം കൂടി കൈവരുന്നുണ്ട്. (അരുണാണ് തന്റെ പുറകെ നടന്നതെന്നും, സമയഭേദമന്യേ തന്നെ സമൂഹമാധ്യമങ്ങളില്‍ ബന്ധപ്പെട്ടുക്കൊണ്ടിരുന്നതെന്നും സംഭാഷണത്തിന്റെ മറ്റൊരു ഘട്ടത്തില്‍ ശ്രുതി അവകാശപ്പെടുന്നുണ്ട്.)

വിവാഹവുമായി ബന്ധപ്പെട്ട സംഭാഷണ വേളയില്‍ ആധിപത്യ സംഘര്‍ഷങ്ങള്‍ അവയുടെ പാരസ്പര്യങ്ങളെ വെളിപ്പെടുത്തുന്നുണ്ട്. “ജാതി മാറിയുള്ള വിവാഹത്തിന് തന്റെ വീട്ടുകാര്‍ സമ്മതിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല” എന്ന ശ്രുതിയുടെ വാക്കുകളെ, തന്നെ/തന്റെ ജാതിയെ/ കുടുംബത്തെ ഇകഴ്ത്തുന്ന ഒന്നായാണ് അരുണ്‍ മനസ്സിലാക്കുന്നത്. അതിനെ, അവളില്‍ ഒളിഞ്ഞിരിക്കുന്ന ജാത്യാഭിമാനത്തിന്റെ (Cast Pride) പ്രകടനമായും അവന്‍ വിലയിരുത്തുകയും തര്‍ക്കിക്കത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു. വരന്റെ വീട്ടുകാരുടെ സമ്മതത്തെ നിസ്സാരവല്‍ക്കരിക്കുന്ന ഒന്നായി അതിനെ കരുതാനുള്ള സാധ്യതകള്‍ നിലനില്‍ക്കെത്തന്നെ, അവനെ മിക്കവാറും നയിക്കുന്നത് തന്റെ പുരുഷാധിപത്യബോധമാണ്. ഒരു സ്ത്രീയുടെ മുന്‍പില്‍ യാതൊരു വിധത്തിലും താന്‍ ചെറുതാകേണ്ടതല്ല എന്ന തോന്നല്‍ അവനില്‍ ഉദിച്ചുയരുന്നുണ്ട്. (“അരുണിന്റെ സഹോദരിയെ “കീഴ്ജാതി” എന്ന് പറയപ്പെടുന്ന ഒരു ജാതിയില്‍പ്പെട്ട ഒരാള്‍ക്ക് വിവാഹം ചെയ്ത് നല്‍കുമ്പോള്‍ വീട്ടുകാര്‍ക്ക് കാര്യമായിത്തന്നെ ആലോചിക്കേണ്ടി വരില്ലേ”- എന്ന ശ്രുതിയുടെ തുടര്‍ ചോദ്യങ്ങള്‍ക്കുമുന്‍പില്‍ അവന്‍ മിക്കവാറും നിസ്സഹായനാകുന്നുണ്ട്.)

റിസേര്‍വേഷനുമായി ബന്ധപ്പെട്ടു നടക്കുന്ന സംഭാഷണത്തില്‍ പക്ഷേ, വളരെ യുക്തിയുക്തമായി സംസാരിക്കുന്ന നായകനും തീര്‍ത്തും പരാജപ്പെടുന്ന നായികയുമാണ് ദൃശ്യമാകുന്നത്. സംവരണം ഒരു ദാരിദ്ര്യ നിര്‍മാര്‍ജ പദ്ധതിയാണെന്ന നിലയില്‍ സംസാരിക്കുന്ന ശ്രുതിയെ അരുണ്‍ തിരുത്തുന്നുണ്ട്. തലമുറകളായി അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഒരു ജനതക്ക് അനിവാര്യമായ ഒന്നായ സംവരണത്തെ അവതരിപ്പിക്കാനും അയാള്‍ക്ക് കഴിയുന്നു. എന്നാല്‍ ജത്യാധിപത്യവുമായി ബന്ധപ്പെട്ട് ആ തര്‍ക്കം വളരുമ്പോള്‍ സ്വജാതി സമൂഹം തൊട്ടു താഴെയുള്ളവരോട് ചെയ്യുന്ന നേരിട്ടുള്ള അനീതികളെ നിര്‍വീര്യമാക്കാന്‍ അയാള്‍ ഉപയോഗിക്കുന്നത്, ജാതി ഘടന ബ്രാഹ്മണ്യ നിര്‍മ്മിതമാണെന്ന ദുര്‍ബലവാദമാണ്. ഇരു വ്യക്തികളുടെയും വിമര്‍ശന- സ്വയം വിമര്‍ശന ശേഷിയുടെ അതിപരിമിതിയാണ് ഇതോടെ തെളിയുന്നത്.

ഈ സംഭാഷണം/ഹ്രസ്വ ചിത്രം അതിന്റെ അന്ത്യത്തോടടുക്കുമ്പോള്‍ ഈ ബന്ധത്തില്‍ നിന്നും വിടുതല്‍ പ്രഖ്യാപിക്കുന്ന നായികയെയാണ് കാണുന്നത്. അതിനവള്‍ക്ക് പ്രകോപനമാകുന്നത് തന്റെ കന്യകാത്വത്തിലുള്ള സംശയപ്രകടനമാണ്. വിവാഹം ചെയ്യുമെന്ന് ഉറപ്പായിട്ടുപോലും, താന്‍ അരുണുമായി കിടക്ക പങ്കിട്ടിട്ടില്ല എന്ന് അഭിമാനദ്യോതകമാം വിധം അവള്‍ പറയുകയും ചെയ്യുന്നു. സമൂഹത്തില്‍ ആകമാനമായി നിലനില്‍ക്കുന്ന ശുദ്ധതാപരമായ (Purity ) ബോധമാണ് നായികയെ ഇത്തരത്തിലൊരു പ്രസ്താവനയിലേക്ക് നയിക്കുന്നതെന്ന് ദിന ചന്ദ്ര തന്നെ The News Minute ആയുള്ള അഭിമുഖത്തില്‍ പറയുന്നു. അവര്‍ തമ്മിലുള്ള ശാരീരികബന്ധം ഇത്തരം പ്രശ്‌നങ്ങളെ ലഘൂകരിച്ചിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. (അടുപ്പത്തിലൂടെ)

Read more

“”The way man treats women is much worse than the way the higher-caste treat the low- caste and the landlords treat servents” – എന്ന പെരിയാര്‍ ഇവി രാമസ്വാമിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ആരംഭിക്കുന്ന ഈ ചിത്രം പ്രേക്ഷകനില്‍ ഒരു തരം മുന്‍വിധി നിര്‍മ്മിക്കാനുള്ള സാധ്യതയേറെയാണ്. വര്‍ത്തമാനകാല സമൂഹത്തില്‍ സാമാന്യമായി പറഞ്ഞു പോകാവുന്ന ഒന്നല്ല പെരിയാറിന്റെ ഈ പ്രസ്താവം. ചിത്രത്തോട് ചേര്‍ത്തു വായിക്കപ്പെടേണ്ട ഒന്നായും ഇതിനെ കണക്കാക്കാനാവില്ല.
(നിര്‍മിക്കപ്പെടുന്ന സിനിമയും കാണ്ടറിവുകളും രണ്ടാണല്ലോ)
അതിനാല്‍ തന്നെ ഈ പ്രസ്താവനയെ അകറ്റ നിര്‍ത്തി വേണം ഈ ചിത്രത്തിന്റെ അനുഭവ പരിസരത്തിലേക്ക് പ്രവേശിക്കാന്‍. പരസ്പരാധിപത്യത്തിന്റെ ബഹുമുഖമായ സംഘര്‍ഷങ്ങളെ ഇഴപിരിച്ചെടുക്കാവുന്ന ഒരവസരമായാണ് ഞാനിതിനെ മനസ്സിലാക്കുന്നത്. ആധിപത്യത്തെ, ഹോമോ സാപിയന്‍സിന്റെ ജൈവ പ്രകൃതിയായിപ്പോലും എണ്ണിത്തുടങ്ങുന്ന ആധുനിക കാലത്ത് “സങ്കീര്‍ണ”തകളുടെ സര്‍ഗാവിഷ്‌ക്കാരങ്ങള്‍ ലളിതോക്തികളെ താക്കീതു ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.