ആരു പറഞ്ഞാലും വിഷയത്തില്‍ ശക്തമായി പ്രതികരിക്കും, അതിന് ആരെയും ഭയപ്പെടുന്നില്ല: ശ്രീനാഥ് ഭാസി വിഷയത്തില്‍ ജി. സുരേഷ് കുമാര്‍

നടന്‍ ശ്രീനാഥ് ഭാസിയെ വിലക്കിയതില്‍ മമ്മൂട്ടി നടത്തിയ പ്രതികരണത്തിനെതിരെ നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍. മമ്മൂട്ടിയല്ല ആരു പറഞ്ഞാലും ഇത്തരം വൃത്തികേട് കാട്ടുന്നവരെ തങ്ങള്‍ വിലക്കും. ആരുടേയും അന്നം മുട്ടിക്കുന്നവനല്ല മറിച്ച് എല്ലാവര്‍ക്കും അന്നം നല്‍കുന്നവനാണ് നിര്‍മ്മാതാവെന്നും അദ്ദേഹം പറഞ്ഞു. മനോരമ ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മമ്മൂട്ടി കാര്യങ്ങള്‍ പൂര്‍ണ്ണമായി മനസിലാക്കിയ ശേഷമാണോ പ്രതികരിച്ചത് എന്ന് തനിക്ക് സംശയമുണ്ട്. കാര്യങ്ങള്‍ മനസിലാക്കിയ ശേഷം മാത്രം മമ്മൂട്ടിയെ പോലൊരാള്‍ പ്രതികരിക്കണമായിരുന്നു. നടന്റെ പ്രതികരണത്തിന് പിന്നാലെ തന്നോട് പല മാധ്യമ പ്രവര്‍ത്തകരും ചോദ്യങ്ങളുമായി വന്നിരുന്നു.സുരേഷ് കുമാര്‍ വ്യക്തമാക്കി.

ആരു പറഞ്ഞാലും വിഷയത്തില്‍ തങ്ങള്‍ ശക്തമായി പ്രതികരിക്കും. അതിന് ആരെയും തങ്ങള്‍ ഭയപ്പെടുന്നില്ല. പണ്ട് തിലകന്‍ ഉള്‍പ്പടെയുള്ള പല അഭിനേതാക്കളെയും താരങ്ങളുടെ സംഘടനായ അമ്മ വിലക്കിയിട്ടുണ്ട്. അന്ന് നിര്‍മ്മാതാക്കളുടെ സംഘടന അതിനെ ചോദ്യം ചെയ്തിട്ടില്ല.

Read more

അതേപോലെ അന്തസ്സുള്ള നിലപാട് മറ്റുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ശ്രീനാഥ് ഭാസി വിഷയത്തില്‍ പ്രതികരിച്ചത്. ഒരു നടനേയും വിലക്കാന്‍ പാടില്ല എന്നും മമ്മൂട്ടി പറഞ്ഞു. വിലക്കിയിട്ടില്ല എന്നാണ് ഞാന്‍ അറിയുന്നത്. അങ്ങനെയല്ല എങ്കില്‍ ആരേയും ജോലിയില്‍ നിന്ന് വിലക്കാന്‍ പാടില്ലല്ലോ, നമ്മളെന്തിനാ അന്നം മുട്ടിക്കുന്നത് എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.