റിമ ഉന്നയിച്ച 'പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ നടിമാരെ പീഡിപ്പിക്കുന്നു' ആരോപണവും നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതല്ലേ ?

നടി റിമ കല്ലിങ്കല്‍ ഫെമിനിസത്തെക്കുറിച്ചും സിനിമയിലെ ലിംഗ വിവേചനത്തെക്കുറിച്ചും സംസാരിച്ച ടെഡെക്‌സ് ടോക്ക്‌സ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. റിമ പുലിമുരുകനെ പരോക്ഷമായി വിമര്‍ശിക്കുന്ന ഭാഗവും ഫിഷ് ഫ്രൈ ഫെമിനിസത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളും മാത്രമെ ചര്‍ച്ച ചെയ്തിട്ടുള്ളു.

14 മിനിറ്റുള്ള റിമയുടെ പ്രഭാഷണത്തില്‍ അവര്‍ ഉന്നയിച്ച വലിയൊരു ആരോപണം ആരും ചര്‍ച്ച ചെയ്ത് കണ്ടില്ല. റിമ പറഞ്ഞത് ഇങ്ങനെ.

“പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ നടിമാരുടെ മുറിയിലേക്ക് ഇടിച്ചുകയറി അവരെ ശാരീരികമായി പീഡിപ്പിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. സെറ്റില്‍നിന്ന് രണ്ടു മാസത്തെ സസ്‌പെന്‍ഷനല്ലാതെ അവര്‍ക്ക് യാതൊരു ശിക്ഷയും കിട്ടിയില്ല. അവരിപ്പോഴും സ്വതന്ത്രമായി നടക്കുന്നു”

റിമ ഉന്നയിച്ച വേതന വേര്‍തിരിവും ലിംഗവിവേചനവും ചര്‍ച്ച ചെയ്യുന്നതിനൊപ്പം ഇക്കാര്യവും ചര്‍ച്ച ചെയ്യേണ്ടതല്ലേ ? വീഡിയോയുടെ എട്ടാമത്തെ മിനിറ്റിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ നടിമാരെ പീഡിപ്പിക്കുന്നു എന്ന ആരോപണം റിമ ഉന്നയിക്കുന്നത്. ഇതുവരെ ഒരു നടിമാരും പരസ്യമായി പറഞ്ഞു കേള്‍ക്കാത്തൊരു ആരോപണമാണിത്.

സിനിമക്കാരെക്കുറിച്ചുള്ള ഗോസിപ്പ് കോളങ്ങില്‍ പോലും കേട്ടിട്ടില്ലാത്ത ഈ ആരോപണത്തിന് എന്തെങ്കിലും കഴമ്പുണ്ടെങ്കില്‍ ഈ സംഭവം ചര്‍ച്ച ചെയ്യുകയും ഇതിന്മേല്‍ നിയമനടപടി സ്വീകരിക്കുകയുമല്ലേ വേണ്ടത്. ഇക്കാര്യത്തില്‍ റിമ തന്നെ ഒരു വിശദീകരണം നല്‍കുമെന്ന് പ്രതീക്ഷിക്കാം.

സിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആരാണ്

സിനിമകളുടെ പ്രൊഡക്ഷന്‍ മുഴുവനായും നിയന്ത്രിക്കുന്നത് പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ്. ആര്‍ട്ടിസ്റ്റുകളുടെ കോള്‍ഷീറ്റ് തയാറാക്കുക അവര്‍ക്ക് താമസസൗകര്യം ഒരുക്കുക സെറ്റിലെ നടപടിക്രമങ്ങള്‍ നിയന്ത്രിക്കുക തുടങ്ങിയ ജോലികളെല്ലാം ചെയ്യുന്നത് പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ്.