'ബോളിവുഡ് സൗത്ത് ഫിലിം ഇന്‍ഡസ്ട്രി കണ്ടു പഠിക്കണം'; ലൂസിഫറിന്റെ കളക്ഷനില്‍ അത്ഭുതപ്പെട്ട് വിവേക് ഒബ്‌റോയ്

ബോക്സോഫീസില്‍ പുതുചരിത്രം കുറിച്ച് 18ാം ദിനത്തിലും മുന്നേറുകയാണ് ലൂസിഫര്‍. നിറഞ്ഞ സദസുകളിലാണ് ചിത്രം പലയിടത്തും ഇപ്പോഴും പ്രദര്‍ശിപ്പിച്ചു വരുന്നത്. ചിത്രം റിലീസ് ചെയ്ത് എട്ടു ദിവസങ്ങള്‍ക്കുള്ളില്‍ നൂറുകോടി ക്ലബില്‍ ഇടം നേടിയിരിക്കുന്നു. ഇപ്പോഴിതാ ലൂസിഫറിന്റെ കളക്ഷന്‍ നേട്ടത്തെ പ്രശംസിച്ച് രംഗത്തു വന്നിരിക്കുകയാണ് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയ്. ചിത്രത്തിന്റെ കളക്ഷന്‍ അത്ഭുതപ്പെടുത്തിയെന്നാണ് വിവേക് പറയുന്നത്.

“ചെറിയ സംസ്ഥാനമായ കേരളത്തില്‍ നിന്നും ലൂസിഫര്‍ ഇത്രയേറെ കളക്ഷന്‍ നേടിയെന്നത് എന്നെ അത്ഭുതപ്പെടുത്തി. വിദേശത്തു നിന്നു മാത്രം ചിത്രം 45 കോടി നേടി. കേരളത്തില്‍ നൂറു കോടി കടന്നു. ഇത് വലിയ നേട്ടമാണ്. ബോളിവുഡില്‍ ഒത്തൊരുമ കുറവാണ്. അത് സൗത്ത് ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നു കണ്ടു പഠിക്കണം.” വിവേക് ഒരു ദേശീയ മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ലൂസിഫര്‍ ടീം മറ്റൊരു ചിത്രത്തിനു വേണ്ടി തന്നെ സമീപിച്ചാല്‍ തീര്‍ച്ചയായും സ്വീകരിക്കുമെന്നും വിവേക് പറഞ്ഞു. ചിത്രത്തില്‍ വിവേക് ഒബ്‌റോയ് ചെയ്ത വില്ലന്‍ വേഷവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. മഞ്ജുവാര്യരുടെ ഭര്‍ത്താവായാണ് ലൂസിഫറില്‍ വിവേക് ഒബ്‌റോയ് അഭിനയിച്ചത്. നൂറുകോടി ക്ലബില്‍ ഇടം നേടുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് ലൂസിഫര്‍. വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍, നിവിന്‍ പോളി-റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി. ഇതില്‍ രണ്ട് സിനിമകളില്‍ മോഹന്‍ലാല്‍ നായകനും ഒന്നില്‍ അതിഥിവേഷത്തിലും എത്തിയിരുന്നു.