'ദേഷ്യപ്പെടുമ്പോള്‍ തന്നെ നമ്മളെ സഹായിക്കാനുള്ള മനസ്സും മമ്മൂക്കയ്ക്കുണ്ട്': മെഗാസ്റ്റാറിനോട് കഥ പറഞ്ഞ അനുഭവം പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും

അമര്‍ അക്ബര്‍ അന്തോണി ചിത്രത്തിന് തിരക്കഥ ഒരുക്കി മലയാള സിനിമയിലെത്തിയ ഇരട്ട തിരക്കഥാകൃത്തുക്കളാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും. ഇവരുടെ മൂന്നാമത്തെ തിരക്കഥ ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിന്റെതായിരുന്നു. ചിത്രത്തിന്റെ കഥ പറയാന്‍ പോയപ്പോള്‍ മമ്മൂട്ടിയെ കണ്ട അനുഭവമാണ് ഇരുവരും വിഷ്ണുവും ബിബിനും പങ്കുവെച്ചിരിക്കുന്നത്.

ടെന്‍ഷന്‍ കാരണം മമ്മൂട്ടിയോട് തനിക്ക് കഥ പറയാന്‍ കഴിഞ്ഞില്ല, വിഷ്ണുവാണ് മമ്മൂട്ടിയോടും ദുല്‍ഖറിനോടും മുഴുവന്‍ കഥയും പറഞ്ഞത് എന്നാണ് ബിബിന്‍ പറയുന്നത്. ഒരുപാട് സമയമെടുത്ത് എഴുതിയതിനാല്‍ അതിന്റെ എല്ലാ വിശദാംശകളും കാണാപാഠം ആയിരുന്നു. അതുകൊണ്ട് നന്നായി പറയാന്‍ കഴിഞ്ഞു എന്നാണ് വിഷ്ണു പറയുന്നത്.

പെട്ടെന്ന് സൗഹൃദമാകുന്ന ആളല്ലെങ്കിലും വളരെ പാവം മനുഷ്യനാണ് മമ്മൂട്ടി. ദേഷ്യപ്പെടുമ്പോള്‍ തന്നെ നമ്മളെ സഹായിക്കാനുള്ള മനസ്സുമുണ്ട് എന്ന് വിഷ്ണു പറഞ്ഞു. കഥ പറയുമ്പോള്‍ വലിയ താത്പര്യമൊന്നും അദ്ദേഹത്തിന്റെ മുഖത്ത് കണ്ടില്ലെങ്കിലും കഥ പറഞ്ഞു കഴിയുമ്പോള്‍ അതില്‍ ഇഷ്ടപ്പെട്ട സംഭവങ്ങള്‍ അദ്ദേഹം നമ്മളോട് പറയുമ്പോള്‍ വലിയ സന്തോഷവും ആത്മവിശ്വാസവും ലഭിക്കും എന്ന് വിഷ്ണു വ്യക്തമാക്കി.

നിലവില്‍ കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു നടനായും ശ്രദ്ധിക്കപ്പെട്ടത്. ഒരു പഴയ ബോംബ് കഥ, മാര്‍ഗംകളി എന്നീ ചിത്രങ്ങളില്‍ നായകനായി ബിബിന്‍ ജോര്‍ജ് എത്തിയിരുന്നു.