മോഹന്‍ലാലിനെ നായകനാക്കി തന്റെ തിരക്കഥയില്‍ സിനിമ?; പ്രതികരണവുമായി വിഷ്ണു ഉണ്ണികൃഷ്ണന്‍

ബാലതാരമായി 2003 മുതല്‍ അഭിനയ രംഗത്തുള്ള വിഷ്ണു ഉണ്ണികൃഷ്ണന്‍ തിരക്കഥ രചനയിലൂടെയാണ് ശ്രദ്ധേയനാകുന്നത്. 2015 ല്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ നായകന്മാരാക്കി നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണിയിലൂടെയാണ് ബിബിന്‍ ജോര്‍ജുമായി ചേര്‍ന്ന് വിഷ്ണു ആദ്യമായി തിരക്കഥ ഒരുക്കുന്നത്. തുടര്‍ന്ന് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ക്കും ഇരുവരും തിരക്കഥയൊരുക്കി. എന്നാല്‍ മോഹന്‍ലാലിനെവെച്ചുള്ള ഒരു സിനിമയ്ക്ക് വിഷ്ണു ഉണ്ണികൃഷ്ണന്‍ ഒറ്റയ്ക്ക് തിരക്കഥ എഴുതുന്നു എന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് വിഷ്ണു.

“ബിഗ് ബ്രദറാണ് എന്റെ പുതിയ സിനിമ. പുതിയ സ്‌ക്രിപ്റ്റ് തുടങ്ങിയിട്ടില്ല. ഇടയ്ക്ക് പല ന്യൂസും വന്നു, മോഹന്‍ലാലിനെ വച്ച് ഞാന്‍ ഒറ്റയ്ക്ക് സ്‌ക്രിപ്റ്റ് എഴുതുകയാണെന്നൊക്കെ. ഈ വാര്‍ത്ത കേള്‍ക്കുമ്പോഴത്തെ ബിബിന്റെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് മറ്റാരെക്കാളും നന്നായി എനിക്കറിയാം. ഞങ്ങള്‍ രണ്ടുപേരും കൂടിയായിരിക്കും അടുത്ത സ്‌ക്രിപ്റ്റും എഴുതുക. അതിന്റെ ആലോചനകള്‍ നടക്കുന്നേ ഉള്ളൂ. മറ്റെല്ലാ വാര്‍ത്തകളും ഫെയ്ക്ക് ആണ്.” വനിതയുമായുള്ള അഭിമുഖത്തില്‍ വിഷ്ണു പറഞ്ഞു.

Read more

വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാകുന്നു എന്ന വാര്‍ത്ത് കഴിഞ്ഞ ദിവസമാണ് പ്രേക്ഷകര്‍ കേട്ടത്. കോതമംഗലം സ്വദേശി ഐശ്വര്യയാണ് വിഷ്ണുവിന്റെ പ്രതിശ്രുത വധു. ഫെബ്രുവരി രണ്ടിന് കോതമംഗലത്തു വെച്ചാണ് വിവാഹം.