ഒരു ഡയലോഗ് കിട്ടാന്‍ കൊതിച്ചിരുന്നു, ഈ ഒരു രീതിയില്‍ സിനിമ ചെയ്യണമെന്ന തരത്തിലേക്ക് വളര്‍ന്നിട്ടില്ല: വിഷ്ണു ഉണ്ണികൃഷ്ണന്‍

ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. ബാലതാരമായി സിനിമയില്‍ എത്തിയതാണെങ്കിലും നിരവധി സിനിമകളിലും പ്രത്യേകിച്ച് ഒരു വേഷവും വിഷ്ണുവിന് ഉണ്ടായിരുന്നില്ല. ഒരു ഡയലോഗ് കിട്ടാന്‍ കൊതിച്ചിരുന്നതായാണ് വിഷ്ണു ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.

സിനിമയില്‍ അഭിനയിക്കണമെന്ന് കുട്ടിക്കാലം മുതലേ ആഗ്രഹിച്ചിരുന്നു. ഒരു പ്ലാനിങ്ങില്ലാതെ ആയിരുന്നു യാത്ര. നമ്മള്‍ എപ്പോഴും മുകളിലോട്ടാണല്ലോ നോക്കുന്നത്. അടുത്തത് എന്താണ് ചെയ്യാന്‍ കഴിയുക എന്ന് ആലോചിച്ചിട്ടുണ്ട്. ഒരു ഡയലോഗ് കിട്ടാന്‍ കൊതിച്ചു. കിട്ടിയപ്പോള്‍ മുഴുനീള വേഷം വേണമെന്നായി ആഗ്രഹം.

അപ്പോള്‍ തോന്നും നായകനാകണമെന്ന്. നായകനായി കഴിയുമ്പോള്‍ അടുത്ത ചുവടുവെപ്പ് വേണമെന്നും വിഷ്ണു പറയുന്നു. സിനിമ വരുമ്പോള്‍ ചെയ്യുകയാണ്, അല്ലാതെ ഇന്ന രീതിയില്‍ ഒരു സിനിമ ചെയ്യണമെന്ന തരത്തിലേക്കൊന്നും താന്‍ വളര്‍ന്നിട്ടില്ലെന്ന് വിഷ്ണു പറയുന്നു. പ്രഗത്ഭരായ സംവിധായകരുടെ വിളി വരുമ്പോള്‍ തന്നെ സന്തോഷമാണ്.

റെഡ്റിവര്‍ സിനിമയിലൂടെ ആദ്യമായി സമാന്തര സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞു. അശോക് ആര്‍ നാഥ് ദേശീയ അവാര്‍ഡ് ലഭിച്ച സംവിധായകനാണ്. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിച്ചപ്പോള്‍ കുറേ കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞെന്നും വിഷ്ണു പറയുന്നു.