'ആ സിനിമ റിലീസായപ്പോള്‍ ഒരു ഡയലോഗ് പോലും ഇല്ലാത്ത ആളായി മാറി'; തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

ചെറിയ വേഷങ്ങളില്‍ അഭിനയിച്ചാണ് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ സിനിമയിലെ തുടക്കം എങ്കിലും തിരക്കഥാകൃത്തായി വന്നതോടെയാണ് താരം ശ്രദ്ധ നേടുന്നത്. അമര്‍ അക്ബര്‍ അന്തോണി ചിത്രത്തിന് തിരക്കഥ ഒരുക്കിയാണ് വിഷ്ണുവും ബിബിന്‍ ജോര്‍ജും ശ്രദ്ധ നേടുന്നത്.

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയിലൂടെയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ നടനായി ശ്രദ്ധ നേടുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തുന്ന വിഷ്ണുവിന്റെ ഡ്രസ് ഊരി വാങ്ങുന്ന സീന്‍ ഉണ്ടായിരുന്നു. അതുപോലെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടെന്ന് താരം പറയുന്നു.

”കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയില്‍ ഡ്രസ് ഊരി വാങ്ങുന്ന സീന്‍ കണ്ടിട്ടില്ലേ. അതുപോലെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്. ഒരു സിനിമയില്‍ നല്ല വേഷമുണ്ടെന്ന് പറഞ്ഞു. പൂജ വരെ അങ്ങനെ തുടര്‍ന്നു. പക്ഷെ ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ കഥ മാറി.”

”ആ സിനിമയുടെ ഷൂട്ടിംഗിന് മുമ്പ് പോകുന്ന പരിപാടികളിലൊക്കെ അടുത്ത സിനിമ ഏതാണെന്ന് ആളുകള്‍ ചോദിക്കുമായിരുന്നു. അവിടെയെല്ലാം ഈ പടം വരാനുണ്ടെന്ന് പറയും. പക്ഷെ റിലീസായപ്പോള്‍ ഒരു ഡയലോഗ് പോലുമില്ലാത്ത ആളായി മാറി” എന്നാണ് നടന്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Read more

എന്നാല്‍ അതു പറഞ്ഞ് വിഷമിച്ചിരുന്നില്ല. അതു പോലും താന്‍ സിനിമയിലേക്ക് എഴുതുകയായിരുന്നു എന്നാണ് വിഷ്ണു പറയുന്നത്. അതേസമയം, സുഭാഷ് ചന്ദ്ര ബോസ്, റെഡ് റിവര്‍, രണ്ട്, സലാമോന്‍, അനുരാധ ക്രൈം നമ്പര്‍ 59/2019 എന്നീ ചിത്രങ്ങളാണ് വിഷ്ണുവിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.