ജോമോന്‍ സൂപ്പര്‍ : പുതിയ ചിത്രത്തിലേക്ക് ബാബുരാജിനെ ക്ഷണിച്ച് വിശാല്‍

“ജോജി” സിനിമയിലെ നടന്‍ ബാബുരാജിന്റെ പ്രകടനം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് എത്തിയത്. ഇപ്പോഴിതാ തമിഴ് നടന്‍ വിശാലിനും ജോജിയിലെ ജോമോന്‍ എന്ന ബാബുരാജിന്റെ കഥാപാത്രത്തെ ഇഷ്ടമായിരിക്കുകയാണ്. കൂടാതെ തന്റെ പുതിയ ചിത്രത്തിലേക്കും ബാബുരാജിനെ വിശാല്‍ ക്ഷണിച്ചതായാണ് റിപ്പോര്‍ട്ട്.

തുപ ശരവണന്റെ സംവിധാനത്തില്‍ വിശാല്‍ നായകനാവുന്ന ചിത്രത്തിലാണ് ബാബുരാജ് അഭിനയിക്കുന്നത്. ഏപ്രില്‍ ആദ്യം പ്രഖ്യാപിച്ച ചിത്രത്തില്‍ നായികയാവുന്നത് തെലുങ്ക്, തമിഴ് താരം ഡിംപിള്‍ ഹയതിയാണ്. ചിത്രത്തിലേക്ക് ക്ഷണിക്കാനായി വിശാല്‍ തന്നെയാണ് തന്നെ ഫോണില്‍ വിളിച്ചതെന്നും ബാബുരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

30 ദിവസത്തെ ഡേറ്റ് ആണ് ബാബുരാജ് നല്‍കിയിരിക്കുന്നത്. ഹൈദരാബാദ് കൂടാതെ ചെന്നൈയിലും കുറച്ച് ഭാഗം ചിത്രീകരിക്കുമെന്നാണ് അറിയുന്നത്. കവിന്‍ രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ രവീണ രവിയും അഭിനയിക്കുന്നുണ്ട്. സംഗീതം യുവന്‍ ഷങ്കര്‍ രാജ. എഡിറ്റിംഗ് എന്‍ ബി ശ്രീകാന്ത്. ഓഡിയോഗ്രഫി തപസ് നായക്.