'എന്റെ അമ്മയെ വേശ്യയെന്ന് വിളിച്ചു, അനിയനെ തല്ലി, എല്ലാത്തിനും തെളിവുണ്ട്'; വിശാലിനെതിരെ മിഷ്‌കിന്‍

തുപ്പരിവാലന്‍ ടു സംവിധാനം ചെയ്യുന്നതില്‍ നിന്ന് പിന്‍മാറിയതിന് പിന്നാലെ നടന്‍ വിശാലിനെതിരെ ഗുരുതര ആരോപണങ്ങളുമായി മിഷ്‌കിന്‍. വിശാല്‍ തന്റെ അമ്മയെ അസഭ്യം പറഞ്ഞെന്നും ചോദിക്കാന്‍ ചെന്ന തന്റെ സഹോദരനെ വിശാല്‍ മര്‍ദിച്ചെന്നും മിഷ്‌കിന്‍ ആരോപിച്ചു. ഒരു സിനിമാ പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് മിഷ്‌കിന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മിഷ്‌കിന്റെ വാക്കുകള്‍…

തുപ്പരിവാലന്‍ രണ്ടാം ഭാഗം ഞാന്‍ സഹോദരനായി കരുതിയിരുന്ന വിശാലിന് വേണ്ടിയാണ് ചെയ്തത്. തമിഴകം ഒന്നാകെ മോശക്കാരനായി കണ്ടപ്പോഴും അയാളെ സ്വന്തം സഹോദരനേക്കാള്‍ തോളോട് ചേര്‍ത്തിരുന്നയാളാണ് ഞാന്‍. എന്റെ തോളില്‍ എടുത്തുകൊണ്ട് നടന്നുവെന്നു പറയാം. വിശാലിന്റെ മൂന്ന് സിനിമ ഫ്ളോപ്പായിരുന്ന സമയത്താണ് തുപ്പരിവാലന്‍ വന്‍വിജയമായത്. മൂന്ന് കോടി രൂപയാണ് ആ സിനിമയ്ക്ക് പ്രതിഫലമായി ലഭിച്ചത്. ഒന്നര വര്‍ഷങ്ങള്‍ക്കു ശേഷം തുപ്പരിവാലന്‍ ടു എഴുതി തുടങ്ങി. വിശാലിനോട് കഥ പറഞ്ഞപ്പോള്‍ അദ്ദേഹമെന്നെ കെട്ടിപ്പിടിച്ചു. കണ്ണ് നിറഞ്ഞുകൊണ്ട് എന്നോട് പറഞ്ഞു “ഇതു മതി എനിക്ക്, ഈ സിനിമ കൊണ്ട് എന്റെ എല്ലാ കടവും വീട്ടുമെന്ന് പറഞ്ഞു. മൂന്നാം ദിവസം ഈ സിനിമ ഞാന്‍ നിര്‍മിക്കാമെന്ന് വിശാല്‍ പറഞ്ഞു. അന്ന് തുടങ്ങിയതാണ് എന്റെ തലവിധി. എന്നാല്‍ ഈ സിനിമയ്ക്ക് 20 കോടി വരെ ചിലവു വരുമെന്ന് അന്നേ ഞാന്‍ വിശാലിനോട് പറഞ്ഞിരുന്നു.

തുപ്പരിവാലന്‍ രണ്ടാം ഭാഗം ചെന്നൈയില്‍ നടക്കുന്ന രീതിയില്‍ 10 കോടിക്ക് പൂര്‍ത്തിയാക്കാമെന്ന് പറഞ്ഞു. ഇല്ല അത് പറ്റില്ലെന്ന് വിശാല്‍ പറഞ്ഞു. സിനിമയ്ക്കായി നിരവധി വിദേശ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. യുകെ പോയി. തിരക്കഥ പൂര്‍ത്തിയാക്കാന്‍ ഏഴ് ലക്ഷത്തി അന്‍പതിനായിരം ആണ് ഞാന്‍ ആവശ്യപ്പെട്ടത്. ചിലവാക്കിയത് ഏഴ് ലക്ഷം രൂപ. എന്നാല്‍ പത്രത്തില്‍ വന്നത് വേറെ തുക. 35 ലക്ഷം ചിലവാക്കിയെന്നാണ് വിശാലിന്റെ ആരോപണം. അത് അദ്ദേഹം തെളിയിക്കട്ടെ. ഞാന്‍ സംവിധായകന്‍ മാത്രമല്ല ഒരു നിര്‍മാതാവ് കൂടിയാണ്. എനിക്കൊരു ബാങ്ക് കാര്‍ഡ് വിശാല്‍ തന്നിരുന്നു. ആ കാര്‍ഡ് വഴിയാണ് പൈസ ചിലവാക്കിയത്. അതിന്റെ തെളിവ് എന്റെ കൈയ്യിലുണ്ട്. 13 കോടി രൂപ ഇതുവരെ ചെലവാക്കിയെന്നാണ് വിശാല്‍ പറഞ്ഞത്. 32 ദിവസം ഈ സിനിമ ഞാന്‍ ചിത്രീകരിച്ചു. ഒരു ദിവസത്തിനായി 15 ലക്ഷം രൂപ ചിലവാക്കിയെന്ന് പറഞ്ഞു. ഇതും അദ്ദേഹം തെളിയിക്കട്ടെ.

Read more

എല്ലാ സ്ഥലത്തും ഞാന്‍ അപമാനിക്കപ്പെട്ടു. ഞാന്‍ മകനായും അനിയനായും കണക്കാക്കിയവന്‍ എന്റെ അമ്മയെ വേശ്യയെന്ന് വിളിച്ച് അപമാനിച്ചു. നിങ്ങള്‍ ഇത് വിശ്വസിക്കില്ലായിരിക്കും. എന്റെ കൈയ്യില്‍ തെളിവുണ്ട്. ഞാന്‍ അവന് എന്ത് ദ്രോഹമാണ് ചെയ്തത്. നല്ല കഥ എഴുതിക്കൊടുത്തത് ആണോ ഞാന്‍ ചെയ്ത തെറ്റ്. നീ എത്തരത്തിലുള്ള ആളാണെന്ന് സമൂഹം മനസിലാക്കും. നിന്റെ ജീവിതം പറയും നീ ആരാണെന്ന്. നിന്റെ കുടുംബത്തോട് ചോദിച്ചാല്‍ അറിയാം ഞാന്‍ എങ്ങനെയാണ് നിന്നോട് പെരുമാറിയതെന്ന്. സുഹൃത്തുക്കളോട് ചോദിച്ച് നോക്കൂ എന്നെക്കുറിച്ച്. എന്റെ നിര്‍മാതാക്കളോട് ചോദിച്ചാല്‍ അറിയാം ഞാന്‍ എങ്ങനെയുള്ള സംവിധായകനാണെന്ന്. കാര്യമില്ലാതെ എന്റെ അനിയനെ തല്ലിയവനാണ് വിശാല്‍. എന്റെ അമ്മയെ വേശ്യയെന്ന് വിളിക്കുമ്പോള്‍ എങ്ങനെ സിനിമ ഉപേക്ഷിക്കാതിരിക്കും.