'ഒരു കാല്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയ്‌നിലും മറ്റേകാല്‍ പ്ലാറ്റ്‌ഫോമിലും, അടുത്ത നിമിഷം തെറിച്ച് വീണു'

ട്രെയ്‌നില്‍ നിന്നും തെറിച്ചു വീണിട്ടും ഭാഗ്യം കൊണ്ട് ജീവിതം തിരിച്ചു കിട്ടിയ കഥ പറഞ്ഞ് നടന്‍ വിനോദ് കോവൂര്‍. ഷൊര്‍ണൂരില്‍ ഷൂട്ടിംഗ് നടക്കുന്നിടത്തു നിന്നും കോഴിക്കോട് ഒരു ക്ലബ്ബിന്റെ വാര്‍ഷികത്തിന്റെ ഉദ്ഘാടനത്തിന് പോകാനിരുന്ന കഥയാണ് വിനോദ് കോവൂര്‍ പറയുന്നത്.

ഷൂട്ടിംഗിന്റെ മൂന്നാം ദിവസം നാലുമണിക്കുള്ള ട്രെയ്‌നിന് പോകാനായിരുന്നു താരത്തിന്റെ പ്ലാന്‍. എന്നാല്‍ ഉച്ചക്ക് മുമ്പ് തീര്‍ക്കേണ്ട രണ്ട് സീന്‍ തീര്‍ന്നില്ല. മൂന്ന് മണി കഴിഞ്ഞ് ഷൂട്ടിംഗ് തീര്‍ന്ന് ഇറങ്ങിയപ്പോള്‍ റോഡ് പണി മൂലം ബ്ലോക്കും. ഒരു ബൈക്ക്കാരനൊപ്പം യാത്ര തുടര്‍ന്ന നടന്‍ റെയില്‍വേ സ്റ്റേഷനെത്തി ട്രെയ്‌നിലേക്ക് ഓടി കയറാന്‍ ശ്രമിക്കുകയായിരുന്നു.

“”നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് കോണിപ്പടികള്‍ ഇറങ്ങിവരുമ്പോള്‍ ഞാന്‍ കാണുന്ന കാഴ്ച എനിക്ക് കയറേണ്ട ട്രെയിന്‍ ചലിച്ചുതുടങ്ങിയിരിക്കുന്നു. രണ്ടുംമൂന്നും സ്റ്റെപ്പുകള്‍ ഒരുമിച്ച് ഇറങ്ങിപ്പോയി. അത്യാവശ്യം ഭാരമുള്ള ഒരു ബാഗും. പടികള്‍ ഇറങ്ങി താഴെ എത്തിയപ്പോഴേക്കും ട്രെയിന്‍ വേഗം കൂടിയിരുന്നു. സകല ദൈവങ്ങളെയും മനസ്സില്‍ വിളിച്ച് ഡോറിന്റെ സൈഡിലുള്ള കമ്പി പിടിക്കാന്‍ ശ്രമിച്ചു. ഏതോ ഒരു തമിഴ് സിനിമയിലെ ക്ലൈമാക്‌സ് രംഗം ഓര്‍മവന്നു. അടുത്തനിമിഷം ഞാന്‍ ഒരുകാലെടുത്ത് ട്രെയിനിന്റെ ഡോറിലേക്ക് വെച്ചു. കാല്‍വെപ്പ് പിഴച്ചു. പിന്നെ ഞാന്‍ ഒരുകാല് ട്രെയിനിലും മറ്റേക്കാല്‍ പ്ലാറ്റ്ഫോമിലും കുത്തിക്കുത്തിയും നീങ്ങുകയാണ്. എനിക്ക് ഇടതുകാല്‍ പൊക്കി കയറാന്‍ സാധിക്കുന്നില്ല. പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്ന പലരും ഒച്ചയുണ്ടാക്കാന്‍ തുടങ്ങി- ഏയ് എന്താ കാണിക്കുന്നേ. വേണ്ട വേണ്ട കയറാന്‍ കഴിയില്ല. എന്തെങ്കിലും പറ്റുമല്ലോ ഈശ്വരാ. ഇങ്ങനെ ചില സംഭാഷണങ്ങളെല്ലാം ഞാന്‍ കേള്‍ക്കുന്നു.””

Read more

“”അടുത്തനിമിഷം ഞാന്‍ തെറിച്ച് പ്ലാറ്റ്ഫോമിലേക്ക് വീഴുന്നു. പ്ലാറ്റ്ഫോമില്‍ ഉണ്ടായിരുന്ന പലരും ഓടിയെത്തുന്നു. എന്നെ പിടിച്ച് എഴുന്നേല്‍പ്പിക്കുന്നു. നല്ല വേദനയോടെ ഞാന്‍ എഴുന്നേല്‍ക്കുന്നു. കാല്‍മുട്ടിലും കൈമുട്ടിലും നല്ല വേദന. പാന്റ്സിന്റെ കാല്‍മുട്ട് ഭാഗം നന്നായ് കീറിയിരുന്നു. കൈമുട്ട് അനക്കാന്‍ പറ്റുന്നില്ല. ഇതിനിടെ ഒരാള്‍ എന്റെ ബാഗ് കൊണ്ടുവന്ന് അടുത്ത് വെച്ചു. ബാഗിന്റെയും മുഖച്ഛായ മാറിയിരുന്നു”” എന്ന് വിനോദ് കോവൂര്‍ പറഞ്ഞു. ഈ സംഭവത്തിന് ശേഷം ഷൊര്‍ണൂര്‍ വണ്ടി നിര്‍ത്തുമ്പോള്‍ ആ ദിവസം ഓര്‍ക്കുമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.