അപ്പുവിന് രണ്ട് ജീന്‍സും അഞ്ച് ടീ ഷര്‍ട്ടുമേ ഉള്ളു; ഡ്രസ്സൊന്നും വാങ്ങാത്തത് കൊണ്ട് ആദിയില്‍ ഉപയോഗിച്ച ടീഷര്‍ട്ട് എടുത്തോളാന്‍ ജീത്തു ചേട്ടന്‍ അവനോട് പറഞ്ഞു: വിനീത് ശ്രീനിവാസന്‍

പ്രണവ് മോഹന്‍ലാലിന്റെ ലളിത ജീവിത ശൈലി വളരെക്കാലം മുമ്പേ വാര്‍ത്തകളിലിടം നേടിയിരുന്നു. ഇപ്പോഴിതാ നടന്റെ സിംപ്ലിസിറ്റി കാണിക്കുന്ന ഹൃദയം ഷൂട്ടിംഗ് സെറ്റിലെ അനുഭവങ്ങള്‍ പറയുകയാണ് സംവിധായകന്‍ വിനീത് ശ്രീനിവാസനും നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യവും. ക്ലബ്ബ് എഫ്.എമ്മിനോടായിരുന്നു ഇരുവരുടെയും പ്രതികരണം.

‘അപ്പുവിന്റ ലൈഫ് സ്‌റ്റൈല്‍ അവനായിട്ട് തീരുമാനിച്ചതാണ്. എന്റെ അറിവില്‍ അവന്‍ രണ്ട് ജീന്‍സും, അഞ്ച് ടീഷര്‍ട്ടുമാണ് നാലഞ്ച് കൊല്ലമായി ഉപയോഗിക്കുന്നത്. ഒരു മഹാത്മാ ഗാന്ധിയുടെ പടമുള്ള ടീഷര്‍ട്ട്, ഒരു മങ്കി ടീഷര്‍ട്ട്, ഒരു കീറിയ ജീന്‍സ്, ഒരു സ്ലിപ്പര്‍ എന്നിവയാണ് അവനുള്ളത്,’ വിശാഖ് പറഞ്ഞു.

 

‘മലയുടെ മുകളില്‍ ഷൂട്ട് ഉണ്ടായിരുന്നു. വിന്റെര്‍ വെയര്‍ ഉണ്ടോന്ന് അപ്പുവിനോട് ചോദിച്ചപ്പോള്‍ ഒരു ടീഷര്‍ട്ട് എടുത്തു കൊണ്ട് വന്നു. ഇത് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞത് ഇത് ആദിയില്‍ യൂസ് ചെയ്തതാണ്. ഞാന്‍ ഡ്രെസ്സൊന്നും മേടിക്കാത്തത് കൊണ്ട് ജീത്തു ചേട്ടന്‍ എന്നോട് എടുത്തോളാന്‍ പറഞ്ഞുവെന്നാണ്,’ വിനീത് ചിരിച്ചുകൊണ്ട് പറഞ്ഞു.

‘ഒരു ദിവസം സെറ്റില്‍ അവന്‍ നല്ലൊരു പാന്റിട്ട് വന്നു. അപ്പൂ ഇന്ന് നല്ല രസമുണ്ടല്ലോ എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ എല്ലാരും എന്താ ഇങ്ങനെ പറയുന്നേന്നു അവന് സംശയമായി. . നന്നായി വരുന്നത് കണ്ടപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതമായി. വരുന്ന വഴി തൊട്ട് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുവായിരുന്നു,’ വിനീത് കൂട്ടിച്ചേര്‍ത്തു.