'കിരീടത്തിലൊക്കെ ലാലങ്കിള്‍ നടന്നു പോകുമ്പോള്‍ കിട്ടുന്ന ഒരു ഫീല്‍ അപ്പുവിലും കാണാം'; പ്രണവിനെ കുറിച്ച് വിനീത്

മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സിലെ ഒരു സംഗതി പ്രണവിന്റെ അഭിനയത്തിലും കാണാമെന്ന് വിനീത് ശ്രീനിവാസന്‍. പ്രണവിനെ നായകനാക്കി ഹൃദയം എന്ന ചിത്രം ഒരുക്കുകയാണ് വിനീത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

നമ്മളിലേക്ക് ഇമോഷന്‍സ് എത്തിക്കുക എന്നൊരു സംഗതി ലാലങ്കിളിന്റെ പെര്‍ഫോമന്‍സിലുണ്ട്. അത് അപ്പൂന്റെ പെര്‍ഫോമന്‍സിലുമുണ്ട്. ഒരു ഭയങ്കര ഒഴുക്കുണ്ട്. വെറുതെ ഒരു സ്ഥലത്ത് കൈ വെയ്ക്കുകയാണെങ്കിലും അതിനൊരു താളമുണ്ട്. അത് ലാലങ്കിളിനുണ്ട്.

കിരീടത്തിലൊക്കെ ലാലങ്കിള്‍ നടന്നു പോകുമ്പോള്‍ ബാക്ക് ഷോട്ടില്‍ പോലും ആ ഫീല്‍ കിട്ടുന്നത് അതു കൊണ്ടാണ്. ഒരു മുണ്ടിന്റെ കര പിടിച്ച് നടക്കുന്ന സമയത്ത് പോലും സാധാരണക്കാരാനായി ഫീല്‍ ചെയ്യും. എവിടെക്കെയോ അതിന്റെ ശകലങ്ങള്‍ അപ്പൂന് കിട്ടിയിട്ടുണ്ട്.

അവന്‍ ഒരു ഗ്ലോബല്‍ സിറ്റിസണെ പോലെ നടന്നു കൊണ്ടിരിക്കുകയാണ്. മലയാളത്തിലേക്ക് വരികയും കൂടുതല്‍ ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യുകയും ചെയ്യുമ്പോള്‍ അത് തെളിഞ്ഞു വരുമെന്നാണ് തോന്നുന്നത്. ഷൂട്ട് ചെയ്യുമ്പോള്‍ അപ്പുവിന്റെ കുറെ നല്ല മൊമെന്റ്സ് ക്യാപ്ച്ചര്‍ ചെയ്യാന്‍ പറ്റിയിട്ടുണ്ട്.

തനിക്ക് ഫീല്‍ ചെയ്യുന്നത് ഇതൊരു തുടക്കമാണ്. ഇതിന്റെ മുകളിലേക്കാണ് ആള് പോവുക. പാഷനേറ്റ് ആയ മനുഷ്യനാണ് പ്രണവ് എന്നാണ് വിനീത് വണ്ടര്‍വാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, അടുത്ത വര്‍ഷം ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്യുക.