ഹൃദയത്തെ കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത; വെളിപ്പെടുത്തലുമായി വിനീത്

പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഹൃദയം. ജനുവരി 21 നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.

അതേസമയം കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുമെന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്തരം പ്രചരണങ്ങള്‍ തെറ്റാണെന്നും ചിത്രം 21ാം തിയതി തന്നെ തിയേറ്ററില്‍ എത്തുമെന്നും അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍.

ഹൃദയം ജനുവരി 21 ന് റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും ലോക്ഡൗണ്‍, സണ്‍ഡേ കര്‍ഫ്യൂ, നൈറ്റ് കര്‍ഫ്യൂ എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാല്‍ 21ന് തന്നെ സിനിമ കേരളത്തിലെ തിയേറ്ററുകളില്‍ എത്തുമെന്നും വിനീത് പറഞ്ഞു. റിലീസ് മാറ്റിവെച്ചു എന്ന വാര്‍ത്ത പരക്കുന്നതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റെന്നും വിനീത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

അതേസമയം മിന്നല്‍ മുരളിക്ക് ശേഷം ടൊവിനോ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം നാരദന്റെ റിലീസും മാറ്റിയിട്ടുണ്ട്. ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്നാണ് നാരദന്റെ റിലീസ് മാറ്റിയത്. ജനുവരി 27 നായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. സമാനമായി നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സല്യൂട്ടിന്റെ റിലീസും മാറ്റിയിരുന്നു.

മാധ്യമലോകത്തെ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആഷിഖ് അബുവാണ്. അന്നാ ബെന്നാണ് നായിക. രണ്ട് ഗെറ്റപ്പിലാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്.