നിനക്ക് എന്റെ നായിക ആകണോ എന്ന് മമ്മൂക്ക, എടുത്തടിച്ചത് പോലെ ഞാന്‍ മറുപടിയും കൊടുത്തു: വിന്ദുജ മേനോന്‍

മമ്മൂട്ടിക്കൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് നടി വിന്ദുജ മേനോന്‍. തന്റെ നായികയായി അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് മമ്മൂട്ടി ചോദിച്ചപ്പോള്‍ താന്‍ നല്‍കിയ മറുപടിയെ കുറിച്ചാണ് വിന്ദുജ പറയുന്നത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

ആയിരം നാവുള്ള അനന്തന്‍ ചിത്രത്തില്‍ മമ്മൂക്കയോടൊപ്പം താന്‍ അഭിനയിച്ചിരുന്നു. അന്ന് സെറ്റില്‍ വച്ച് മമ്മൂക്ക ചോദിച്ചു “”നിനക്ക് എന്റെ ഹീറോയിന്‍ ആയിട്ട് അഭിനയിക്കണോ”” എന്ന്. എന്നാല്‍ താന്‍ വിചാരിച്ചത് മമ്മൂക്ക കളിയാക്കുവാണോ എന്നാണ്. “”പിന്നെ മമ്മൂക്കയുടെ ഹീറോയിന്‍ ആയിട്ട് ഞാനോ”” എന്ന് താന്‍ എടുത്തടിച്ച പോലെ മറുപടി നല്‍കി.

തന്നെ കളിയാക്കുകയാണ് എന്ന് തോന്നിയിട്ടാണ് അങ്ങനെ പറഞ്ഞത്. സത്യത്തില്‍ അങ്ങനെയൊരു കഥാപാത്രത്തിന് വേണ്ടിയാണ് അദ്ദേഹം അത് ചോദിച്ചത്. ഉദ്യാനപാലകന്‍ ചിത്രത്തില്‍ കാവേരി ചെയ്ത കഥാപാത്രം മനസില്‍ വെച്ചായിരുന്നു മമ്മൂക്ക അന്ന് തന്നോട് അങ്ങനെ ചോദിച്ചത് എന്നാണ് വിന്ദുജ പറയുന്നത്.

എല്ലാ മെസേജിനും കൃത്യമായി മറുപടി തരുന്നയാളാണ് മമ്മൂക്ക എന്നും വിന്ദുജ പറയുന്നു. കുറച്ച് മുമ്പ് ഒരു റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ ഭാഗമായി മമ്മൂക്കയ്ക്ക് മെസേജ് അയച്ചിരുന്നു. മെസേജ് കണ്ടപാടെ അദ്ദേഹം ഹലോ എന്ന് മറുപടിയും തന്നു. അപ്പോള്‍ സംശയമായി. മമ്മൂക്ക തന്നെയല്ലെ എന്ന് അങ്ങോട്ട് ചോദിച്ചു. അതെയെന്ന് മറുപടിയും തന്നു എന്നും വിന്ദുജ വ്യക്തമാക്കി.