"തമാശയ്ക്ക് ശേഷം സിനിമാരംഗത്തെ പലരും വിളിച്ച് സന്തോഷമറിയിച്ചു, എന്നാല്‍ ഇവരാരും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഒരു റോള്‍ എനിക്ക് നല്‍കിയിട്ടില്ല"; വിനയ് ഫോര്‍ട്ട്

തമാശ എന്ന ചിത്രത്തിലൂടെ ഗംഭീരമായൊരു മടങ്ങിവരവ് നടത്തിയിരിക്കുകയാണ് നടന്‍ വിനയ് ഫോര്‍ട്ട്. തമാശയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളില്‍ സന്തോഷമറിയിച്ച് സിനിമാരംഗത്തെ പലരും തന്നെ വിളിച്ചിരുന്നെന്നും എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഇവരാരും തനിക്ക് ഒരു റോള്‍ ഓഫര്‍ ചെയ്തിട്ടില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ വിനയ് തുറന്നുപറഞ്ഞു. താന്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്നും ഇതാണ് ജീവിതമെന്നും വിനയ് കൂട്ടിച്ചേര്‍ത്തു.

എപ്പോഴും ഒരു നിര്‍മ്മാതാവിന്റെ കണ്ണിലൂടെയാണ് ഞാന്‍ സിനിമയെ കാണാന്‍ ശ്രമിച്ചിട്ടുള്ളത്. അടിസ്ഥാനപരമായി സിനിമ എന്നത് ഒരു വ്യവസായം തന്നെയാണ് നമ്മളെല്ലാം അതിന് ആവശ്യമായ ചേരുവകള്‍ മാത്രം. നമ്മുടെ കഴിവിന് വലിയ പ്രധാന്യമൊന്നും ഈ മേഖലയിലുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

അത് നമ്മളെ താരങ്ങളാക്കുന്നതില്‍ പങ്കു വഹിക്കുന്ന ഒരു ഘടകം മാത്രമാണ്. നല്ല അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ നിങ്ങള്‍ ഈ രംഗത്ത് വിജയിക്കുക തന്നെ ചെയ്യും. വിനയ് ഫോര്‍ട്ട് പറഞ്ഞു.