ഇതുവരെ കണ്ട ചുരുളി ആയിരിക്കില്ല ഇനി വരുന്നത്, ജീവിതാവസാനം വരെ പുതിയ പതിപ്പ് ഇറക്കാനുള്ള അവകാശമുണ്ടെന്നാണ് ലിജോ ചേട്ടന്‍ പറയുന്നത്: വിനയ് ഫോര്‍ട്ട്

ലിജോ ജോസ് പെല്ലിശേരിയുടെ “ചുരുളി” സിനിമയുടെ എഡിറ്റഡ് വേര്‍ഷനാകും ഇനി പ്രേക്ഷകരിലേക്ക് എത്തുക എന്ന് നടന്‍ വിനയ് ഫോര്‍ട്ട്. ജീവിതാവസാനം വരെ സിനിമയുടെ പുതിയ പതിപ്പ് ഇറക്കാനുള്ള വേര്‍ഷന്‍ തനിക്ക് ഉണ്ടെന്നാണ് ലിജോ ചേട്ടന്‍ പറയുന്നത് എന്ന് വിനയ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചുരുളി ഒ.ടി.ടി റിലീസാണോ തിയേറ്ററിലാണോ വരുന്നത് എന്നറിയില്ല. ചുരുളിയില്‍ തനിക്ക് ലീഡ് റോളാണ്. സിനിമയെ കുറിച്ച് ഗംഭീര പ്രതീക്ഷയാണ് ഉള്ളത്. ലിജോ ജോസ് പെല്ലിശേരിയുടെ പടത്തിലെ നായകനായി അഭിനയിച്ചു എന്നത് തന്റെ ഫിലിമോഗ്രഫിയിലെ പ്രത്യേകതയാണ്. ഫിലിം ഫെസ്റ്റിവലിന് തന്നെ ചുരുളിക്ക് രണ്ട് എഡിറ്റ് ഉണ്ടായിരുന്നു. ഇനിയൊരു പ്ലാറ്റ്ഫോമിലേക്ക് ചുരുളി വരുന്നത് പുതിയ എഡിറ്റ് വേര്‍ഷനാണ്.

ഇതുവരെ കണ്ട ചുരുളി ആയിരിക്കില്ല ഇനി വരുന്നത്. താനും കണ്ടിട്ടില്ല, തനിക്കും അറിയില്ല സിനിമ എങ്ങനെയാണെന്ന്. ലിജോ ചേട്ടന്‍ പറയുന്നത് ലൈഫ് ലോംഗ് ആ സിനിമയുടെ പുതിയ പതിപ്പുണ്ടാക്കാനുള്ള ഫ്രീഡം അദ്ദേഹത്തിന് ഉണ്ടെന്നാണ്. ആ തരത്തിലാണ് ചിന്തിക്കുന്നത്. പുള്ളി പറയുന്നത് കേരളത്തിലുള്ള ആളുകള്‍ക്ക് വേണ്ടി മാത്രമല്ലാലോ സിനിമ ഉണ്ടാക്കുന്നത് എന്നാണ്.

Read more

ലിജോ ചേട്ടന്‍ ഭയങ്കര ജീനിയസാണ്. നമ്മള്‍ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ അറിയാം. പുള്ളി ചിന്തിക്കുന്നതും ഒക്കെ ഭയങ്കര ഇന്ററസ്റ്റിംഗ് ആണ്. ലിജോ ചേട്ടന്റെ സിനിമ വൈഡ് ഫ്രെയിം വൈഡ് ക്യാന്‍വാസിലാണ് എന്നും വിനയ് ഫോര്‍ട്ട് പറയുന്നു. അതേസമയം, മാലിക് ആണ് വിനയ്‌യുെടതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രതികരണങ്ങളാണ് താരത്തിന് ലഭിക്കുന്നത്.