‘ദുല്‍ഖറിന്റെ വാക്കുകള്‍ എനിക്ക് ആത്മവിശ്വാസമായി, തുടക്കക്കാരിയെന്ന പരിവേഷം ഞാന്‍ തന്നെ മറന്നുപോയി’; യമണ്ടനിലെ ലല്ലുവിന്റെ അമ്മ വിജി രതീഷ്

Advertisement

ഇവരായിരുന്നോ അത്? ഒരു യമണ്ടന്‍ പ്രേമകഥയില്‍ ദുല്‍ഖറിന്റെ അമ്മയുടെ വേഷം അവതരിപ്പിച്ച നടിയുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ആദ്യം പ്രേക്ഷകരുടെ ഉള്ളില്‍ ഉയര്‍ന്ന ചോദ്യം. ദുബായില്‍ വര്‍ഷങ്ങളായി താമസിക്കുന്ന വിജി രതീഷിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ഒരു യമണ്ടന്‍ പ്രേമകഥ. ഓഡീഷന്‍ വഴി ലല്ലുവിന്റെ അമ്മയുടെ റോള്‍ സ്വന്തമാക്കിയ വിജി, യമണ്ടന്‍ ടീമിനൊപ്പം വര്‍ക്ക് ചെയ്തപ്പോള്‍ തുടക്കക്കാരിയെന്ന കാര്യം തന്നെ താന്‍ മറന്നുപോയെന്നാണ് പറയുന്നത്.

‘ചിത്രീകരണം തുടങ്ങി ഒരാഴ്ചയ്ക്കു ശേഷമാണ് ദുല്‍ക്കറിനൊപ്പം അഭിനയിക്കാന്‍ തുടങ്ങുന്നത്. സത്യത്തില്‍ ഭയങ്കര ടെന്‍ഷന്‍ ഉണ്ടായിരുന്നു. അഭിനയിച്ചു വലിയ പരിചയമില്ലെന്ന് ആദ്യമേ പറഞ്ഞാല്‍ അല്‍പം ആശ്വാസമുണ്ടാകും എന്നു വിചാരിച്ചു. എന്നാല്‍ അവിടെ എന്നെ ദുല്‍ക്കര്‍ അദ്ഭുതപ്പെടുത്തി. ആദ്യം കണ്ടപാടേ നന്നായി അഭിനയിക്കുന്നുണ്ടെന്നും ഇതിനു മുമ്പ് ചെയ്ത രംഗങ്ങള്‍ താന്‍ മോണിറ്ററിലൂടെ കണ്ടിരുന്നെന്നുമാണ് ദുല്‍ഖര്‍ എന്നോട് പറഞ്ഞത്. ആ വാക്കുകള്‍ എനിക്ക് ആത്മവിശ്വാസമായി. വിഷ്ണുവും ബിബിനും സംവിധായകന്‍ നൗഫല്‍ ഇക്കയും ഒരുപാട് പിന്തുണ നല്‍കി. തുടക്കക്കാരിയെന്ന പരിവേഷം ഞാന്‍ തന്നെ മറന്നുപോയി.’ മനോരമയുമായുള്ള അഭിമുഖത്തില്‍ വിജി പറഞ്ഞു.

ഇന്ദ്രപ്രസ്ഥം ഒരുക്കിയ ഹരിദാസ് സംവിധാനം ചെയ്ത സിനിമയിലൂടെയാണ് വിജി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ദുബായില്‍ ആണ് വര്‍ഷങ്ങളായി താമസമാക്കിയ വിജി സിനിമ സ്വപ്നം കണ്ടിരുന്നെങ്കിലും ഇതുപോലൊരു സ്വപ്നസമാനമായ വരവേല്‍പ്പ് പ്രതീക്ഷിച്ചിരുന്നില്ലെന്നും പറയുന്നു. യമണ്ടനിലെ വിജിയുടെ അമ്മ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.