'വിജയ്ക്ക് വേണമെങ്കില്‍ ഈ അവസരം ഉപയോഗപ്പെടുത്താം'; നടന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് എസ്.എ ചന്ദ്രശേഖര്‍

വിജയ് രാഷ്ട്രീയത്തിലേക്ക് തന്നെ വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് താരത്തിന്റെ പിതാവും സംവിധായകനുമായ എസ്.എ ചന്ദ്രശേഖര്‍. തമിഴ്നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികള്‍ക്ക് ബദല്‍ വരേണ്ട സമയമായി. ജനങ്ങള്‍ അത് ആഗ്രഹിക്കുന്നുണ്ട്. വിജയ്ക്ക് വേണമെങ്കില്‍ ഈ അവസരം ഉപയോഗപ്പെടുത്താമെന്നും ചന്ദ്രശേഖര്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

നോട്ടക്ക് വോട്ട് ചെയ്ത ജനങ്ങള്‍ ആഗ്രഹിക്കുന്നത് ബദലാണ്. തന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ വരുന്ന തിരഞ്ഞെടുപ്പ് ഫലത്തിനെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും. വിജയ് സൈക്കിളില്‍ പോളിംഗ് ബൂത്തിലേക്ക് എത്തിയത് ഒരു സാധാരണക്കാരനാണ് എന്ന് ഓര്‍മ്മപ്പെടുത്താനാണ്.

അത് പറയാതെ തന്നെ വിജയ് പ്രവര്‍ത്തിച്ചു കാണിക്കുകയായിരുന്നു. വിജയ് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ ഉടന്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആവശ്യപ്പെടില്ല എന്നാണ് ചന്ദ്രശേഖര്‍ പറയുന്നത്.

വോട്ട് ചെയ്യാനായി വിജയ് സൈക്കിളില്‍ എത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇന്ധന വിലയ്‌ക്കെതിരെയുള്ള പ്രതിഷേധമാണ് വിജയ് അറിയിച്ചത് എന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ പോളിംഗ് ബൂത്ത് വീടിന് അടുത്തായതിനാലാണ് സൈക്കിളില്‍ എത്തിയത് എന്നാണ് വിജയ്‌യുടെ ടീം വ്യക്തമാക്കിയത്.