അദ്ദേഹം എന്റെ ആരാധകനല്ല, സംഭവിച്ചത് മറ്റൊരു കാര്യം; എയര്‍പോര്‍ട്ട് സംഭവത്തില്‍ വിശദീകരണവുമായി വിജയ് സേതുപതി

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടന്‍ വിജയ്സേതുപതി ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ആക്രമിയ്ക്കപ്പെട്ടുവെന്ന് എല്ലാ മാധ്യമങ്ങളിലും വാര്‍ത്തയായിരുന്നു. പുറത്ത് വന്ന വീഡിയോയില്‍ ഒരു അപരിചിതന്‍ വിജയ് സേതുപതിയെ പിന്നില്‍ വന്ന് ആക്രമിയ്ക്കുന്നതായി കാണാമായിരുന്നു.

നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലായി. അടി കിട്ടിയത് വിജയ് സേതുപതിയ്ക്കല്ല, കൂടെ ഉണ്ടായിരുന്ന മാനേജര്‍ക്ക് ആണെന്നും, അടിച്ചത് ഒരു മലയാളി ആണെന്നും പിന്നീട് വാര്‍ത്തകള്‍ വന്നു. ഇപ്പോഴിതാ. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് വിജയ് സേതുപതി.

അത് വലിയ സംഭവം ഒന്നുമല്ല. വളരെ ചെറിയൊരു പ്രശ്നം ആരോ മൊബൈലില്‍ വീഡിയോ ആയി പകര്‍ത്തി പ്രചരിപ്പിച്ചതിനാലാണ് വലിയ സംഭവമായത്. അദ്ദേഹം മദ്യപിച്ചിരുന്നു. ഒരാള്‍ സ്വയം തന്റെ നിയന്ത്രണത്തിലല്ല എങ്കില്‍ ഇങ്ങനെയൊക്കെ സംഭവിയ്ക്കുന്നത് സ്വാഭാവികം. അദ്ദേഹം മാസ്‌ക് വെച്ചിരുന്നതിനാലാണ് മദ്യപിച്ച കാര്യം ആര്‍ക്കും മനസ്സിലാവാതിരുന്നത്.

ഞങ്ങള്‍ അവരെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം അവസാനിച്ചു. അതില്‍പരം വലിയ പ്രശ്നം ഒന്നുമില്ല. നിങ്ങള്‍ക്ക് അറിയാമല്ലോ, ഒരു സിനിമാക്കാരന്‍ ആയതുകൊണ്ട് തന്നെ എല്ലാ ഫോണ്‍ കോളുകളും എടുക്കണം. ഇപ്പോള്‍ അതിന് മാത്രമേ സമയമുള്ളൂ. ദയവ് ചെയ്ത് ഈ പ്രശ്നം ഇനി വലുതാക്കരുത്- വിജയ് സേതുപതി പറഞ്ഞു.

അയാള്‍ വിജയ് സേതുപതിയുടെ ആരാധകനാണോ എന്ന് ചോദിച്ചപ്പോള്‍, അല്ലേ അല്ല. അയാളുമായി ഒരു തര്‍ക്കം ഉണ്ടായിരുന്നു. ആ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് ആ സംഭവമെന്നും സേതുപതി പറഞ്ഞു.