'മോശം മാതൃകയാണ്, ബുദ്ധിമുട്ടിച്ചു എങ്കില്‍ ക്ഷമ ചോദിക്കുന്നു'; ജന്മദിനാഘോഷം വിവാദമായ സംഭവത്തില്‍ വിജയ് സേതുപതി

വാളു കൊണ്ട് പിറന്നാള്‍ കേക്ക് മുറിക്കുന്ന ചിത്രങ്ങള്‍ വിവാദമായതോടെ മാപ്പ് പറഞ്ഞ് നടന്‍ വിജയ് സേതുപതി. സംവിധായകന്‍ പൊന്റാമിനൊപ്പമുള്ള പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി വിജയ് സേതുപതി കേക്ക് മുറിച്ചത്.

തമിഴ്‌നാട്ടില്‍ കത്താള്‍ എന്ന് വിളിക്കപ്പെടുന്ന വാള്‍ ഉപയോഗിച്ചാണ് സേതുപതി കേക്ക് മുറിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു. പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി താരം രംഗത്തെത്തിയത്.

വിജയ് സേതുപതിയുടെ കുറിപ്പ്:

ജന്മദിനാശംസകള്‍ നേര്‍ന്ന സിനിമാ പ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും നന്ദി. മൂന്ന് ദിവസങ്ങള്‍ക്കു മുമ്പ് എന്റെ ജന്‍മദിനാഘോഷ വേളയില്‍ എടുത്ത ഫോട്ടോ ഇപ്പോള്‍ വിവാദമായി മാറിയിരിക്കുന്നു. ഒരു വാള്‍ ഉപയോഗിച്ചാണ് ഞാനന്ന് കേക്ക് മുറിച്ചത്. പൊന്റാം സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഞാനിനി അഭിനയിക്കുന്നത്.

ചിത്രത്തില്‍ വാള്‍ ഒരു പ്രധാന പങ്കു വഹിക്കുന്നണ്ട്. അതിനാലാണ് അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള പിറന്നാള്‍ ആഘോഷത്തിനിടെ ആ വാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ചത്. ഇതൊരു മോശം മാതൃകയാണെന്ന് പലരും ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളില്‍ എന്റെ ഭാഗത്തുനിന്നും ഇനി കൂടുതല്‍ ശ്രദ്ധയുണ്ടാകുമെന്ന് അറിയിക്കാനാണ് ഈ കുറിപ്പ്. ചിത്രം ആരെയെങ്കിലും ബുദ്ധിമുട്ടിച്ചുവെങ്കില്‍ ക്ഷമ ചോദിക്കുന്നു.