'കരിക്ക്' താരം ഇനി വിജയ് ബാബു ചിത്രത്തില്‍

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. പയ്യന്നൂരിലാണ് ചിത്രീകരണം ആരംഭിച്ചത്. വിജയ് ബാബു നിര്‍മിക്കുന്ന പത്തൊന്‍പതാം ചിത്രമാണിത്. നവാഗതനായ ആദിത്യന്‍ ചന്ദ്രശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് ബാബു നിര്‍മിച്ച 18 ചിത്രങ്ങളില്‍ 14 ലിലും സംവിധായകര്‍ പുതുമുഖങ്ങളായിരുന്നു.

കരിക്ക് ടീമിന്റെ ‘സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച’ എന്ന വെബ് സീരിസിലൂടെ ശ്രദ്ധ നേടിയ താരമാണ് ആദിത്യന്‍. വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ‘ഹൃദയം’ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ള ആദിത്യന്‍ ‘ആവറേജ് അമ്പിളി’ എന്ന വെബ് സീരീസിന്റെ സംവിധായകനുമാണ്.

സുരാജ് വെഞ്ഞാറമൂടും ബേസില്‍ ജോസഫും സൈജു കുറുപ്പുമാണ് ഫ്രൈഡേ ഫിലിംസിന്റെ പുതിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരഞ്ജനാ അനൂപാണ് ചിത്രത്തിലെ നായിക.ആദിത്യന്‍ ചന്ദ്രശേഖരനും അര്‍ജുന്‍ നാരായണനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഉത്തര മലബാറിന്റെ ഗ്രാമീണ പശ്ചാത്തലത്തിലെത്തുന്ന ഈ കോമഡി ചിത്രത്തില്‍ ഇരുപതോളം പുതുമുഖങ്ങളും എത്തുന്നുണ്ട്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.