ഒടുവില്‍ സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു, അപ്പോഴാണ് ബി. ഉണ്ണിക്കൃഷ്ണന്റെ വിളി വന്നത്; തുറന്നു പറഞ്ഞ് വിധു വിന്‍സെന്റ്

തന്റെ പുതിയ ചിത്രം സ്റ്റാന്റ് അപ്പിന്റെ നിര്‍മ്മാതാക്കളായി ബി ഉണ്ണിക്കൃഷ്ണനും ആന്റോ ജോസഫും എത്തിയ കഥ പറഞ്ഞ് സംവിധായിക വിധു വിന്‍സെന്റ്. സിനിമ ഉപേക്ഷിക്കാനൊരുങ്ങിയ ഘട്ടത്തിലാണ് ബി ഉണ്ണിക്കൃഷ്ണന്‍ കടന്നുവരുന്നതെന്ന് വിധു ഒരഭിമുഖത്തില്‍ പറഞ്ഞു.

“”സിനിമ നിന്നു പോയേക്കും എന്ന ഘട്ടത്തില്‍ എന്റെ സുഹൃത്തുക്കളും പരിചയക്കാരുമായ ചില നിര്‍മ്മാതാക്കളെ ഞാന്‍ മെസേജിലൂടെയും ഫോണിലൂടേയും ബന്ധപ്പെട്ടു, അവരോട് സഹായം ചോദിച്ചു. സന്ദീപ് സേനനും, ബി.ഉണ്ണികൃഷ്ണനും അടക്കമുള്ളവര്‍ അതിനോട് പ്രതികരിച്ചു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയ സമയത്ത് തന്നെ ബി.ഉണ്ണികൃഷ്ണന്‍ എന്നെ വിളിച്ച് ആശംസകള്‍ അറിയിച്ചിരുന്നു. എന്തെങ്കിലും സഹായം വേണമെങ്കില്‍ ചോദിക്കണം എന്നും പറഞ്ഞിരുന്നു. ആ ഉറപ്പിന്മേലാണ് ഞാന്‍ അദ്ദേഹത്തെ വിളിച്ചത്. സിനിമ നിര്‍മ്മിക്കാമോ എന്നല്ല, ഏതെങ്കിലും നിര്‍മ്മാതാക്കളുടെ അടുത്തെത്താന്‍ സഹായിക്കാമോ എന്നാണ് ചോദിച്ചത്. പക്ഷെ അദ്ദേഹം പറഞ്ഞ ആളുകളൊക്കെ ആ സമയത്ത് മറ്റ് ചില സിനിമകള്‍ കമ്മിറ്റ് ചെയ്തിരുന്നു. അടുത്ത സിനിമയുടെ സമയത്ത് സഹകരിക്കാം എന്നു പറഞ്ഞു.

പിന്നീട് ബി.ഉണ്ണികൃഷ്ണന്‍ തന്നെ ഞങ്ങളെ വിയാകോം 18മായി കണക്ട് ചെയ്തു തന്നു. മുംബൈയില്‍ പോയി ഞാനും ഉമേഷും അവരെ കണ്ടു. അവര്‍ക്ക് തിരക്കഥ ഇഷ്ടമായി. പക്ഷെ മൂന്ന് മാസത്തെ സമയം ചോദിച്ചു. അത്രയും കാത്തിരിക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ഞങ്ങള്‍. അഭിനേതാക്കളുടെ ഒക്കെ ഡേറ്റ് ബ്ലോക്ക് ചെയ്തു വച്ചിരിക്കുകയായിരുന്നു. അങ്ങനെയാണ് ബി.ഉണ്ണികൃഷ്ണനും ആന്റോ ജോസഫും സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. നിങ്ങളെ പോലൊരാള്‍ സിനിമ ചെയ്യാന്‍ ഇങ്ങനെ അലഞ്ഞു തിരിയേണ്ട ആവശ്യമില്ല എന്നാണ് പറഞ്ഞതെന്നും വിധു വിന്‍സെന്റ് പറഞ്ഞു.